X

ലോ കമ്മിഷന് മറുപടി നല്‍കി മുസ്‌ലിം ലീഗ്; ഏക സിവില്‍ കോഡ് ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കും- പി.കെ കുഞ്ഞാലിക്കുട്ടി

ലോ കമ്മിഷന് മറുപടി നല്‍കി മുസ്‌ലിംലീഗ്. ഏക സിവില്‍ കോഡ് ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കുമെന്ന് ലോ കമ്മിഷന്‍ ചെയര്‍മാനയച്ച കത്തില്‍ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഏകീകൃത സിവില്‍ കോഡിനു വേണ്ടിയുള്ള ശ്രമം രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുമെന്നും ഇത് നടപ്പാക്കേണ്ടതില്ല എന്നും ലോ കമ്മിഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഓരോ പൗരന്റെയും വ്യക്തിത്വത്തെയും വിശ്വാസത്തെയും ഭരണഘടന മാനിക്കുന്നു. 25ാം അനുച്ഛേദവും 29 (1) അനുച്ഛേദവും പതിനാറാം അധ്യായവും പ്രതിപാദിക്കുന്നത് ഈ വ്യത്യസ്തതകളെ സംരക്ഷിക്കുമെന്നാണ്. ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരം ആസാം, മേഘാലയ, ത്രിപുര, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ്ഗ മേഖലകളിലെ ഭരണസംവിധാനത്തിനും പ്രത്യേക നിബന്ധനകള്‍ നല്‍കിയിരിക്കുന്നു. ഈ നിബന്ധനകളെല്ലാം നല്‍കിയിരിക്കുന്നത് ഈ സ്ഥലങ്ങളിലെ വിശ്വാസപരമായോ സാംസ്‌കാരികമോ ആയ അവകാശങ്ങളുടെ മേല്‍ കേന്ദ്ര സര്‍ക്കാര്‍ കടന്നുകയറില്ല എന്നുറപ്പാക്കാനാണ്. ലോ കമ്മിഷന് നല്‍കിയ കത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

1937ലെ ശരീഅത്ത് ആക്ട് പ്രകാരം ശരീഅത്ത് നിയമം ഫോളോ ചെയ്തുകൊള്ളാം എന്ന് സ്വമേധയാ പ്രഖ്യാപനം നടത്തിയവര്‍ക്കെല്ലാം ശരീഅത്ത് നിയമം ബാധകമാണെന്നും അല്ലാത്തവര്‍ക്ക് മറ്റു നിയമങ്ങള്‍ പിന്തുടരാമെന്നുമാണ് അംബേദ്കര്‍ വിശദീകരിക്കുന്നുണ്ട്. ആ വിശദീകരണത്തിലൂടെ ശരീഅത്ത് നിയമം ആഗ്രഹിക്കുന്നവര്‍ക്ക് അതിന് തടസ്സമാകുന്ന തരത്തില്‍ ഏകീകൃത സിവില്‍കോഡ് ഉണ്ടാകില്ല എന്ന ഉറപ്പാണ് നല്‍കുന്നത്. എല്ലാ മത, ഗോത്ര വിഭാഗങ്ങളുടെയും ആചാരങ്ങളെയും വ്യക്തി നിയമങ്ങളെയും ഭരണഘടനാപരമായി തന്നെ രാജ്യം സംരക്ഷിക്കുന്നു. എന്നാല്‍, അത് മാറ്റേണ്ടതാണ് എന്ന പ്രഖ്യാപനമാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് ഭരണഘടനയുടെ ആശയത്തിന് തന്നെ വിരുദ്ധമാണ്. മൗലികാവകാശങ്ങളെ തള്ളിക്കളഞ്ഞ് നിയമം നിര്‍മ്മിച്ചാല്‍ അത് നിലനില്‍ക്കില്ല എന്ന് പതിമൂന്നാം അനുച്ഛേദം വ്യക്തമാക്കുന്നു. ആര്‍ട്ടിക്കിള്‍ 25ന് വിരുദ്ധമായി ഒരു ഏക സിവില്‍കോഡ് ഉണ്ടാക്കിയാല്‍ ആര്‍ട്ടിക്കിള്‍ 13 പ്രകാരം അത് നിലനില്‍ക്കുകയില്ല. ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയും വര്‍ഗ്ഗീയ ധ്രുവീകരണവും മാത്രമാണ് പുതിയ ചര്‍ച്ചകളിലൂടെ ലക്ഷ്യമിടുന്നത്. അദ്ദേഹം പറഞ്ഞു.

webdesk14: