X

അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണമില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: വ്യക്തികള്‍, ചരക്കുകള്‍, സേവനങ്ങള്‍ എന്നിവയുടെ സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമുള്ള നീക്കത്തിന് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തരുതെന്ന് കേന്ദ്രം. ഇക്കാര്യം വ്യക്തമാക്കി ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.

വിവിധ ജില്ലകളും സംസ്ഥാനങ്ങളും പ്രാദേശിക തലത്തില്‍ യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. അത്തരം നിയന്ത്രണങ്ങള്‍ ചരക്കുകളുടെയും സേവനങ്ങളുടെയും അന്തര്‍സംസ്ഥാന മുന്നേറ്റത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും വിതരണ ശൃംഖലയെ ബാധിക്കുകയും ചെയ്യുന്നു. ഇത് സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും തൊഴിലിനെയും തടസപ്പെടുത്തുന്നു. പ്രാദേശിക തലത്തില്‍ ജില്ലാ ഭരണകൂടങ്ങളോ സംസ്ഥാനങ്ങളോ ഏര്‍പ്പെടുത്തിയ ഇത്തരം നിയന്ത്രണങ്ങള്‍, ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

അണ്‍ലോക്ക് 3 നുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്ന മന്ത്രാലയത്തിന്റെ ജൂലായ് 29ലെ ഉത്തരവില്‍ വ്യക്തികളുടെയും ചരക്കുകളുടെയും അന്തര്‍സംസ്ഥാന നീക്കത്തിന് യാതൊരു നിയന്ത്രണവുമില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക അനുമതിയോ അംഗീകാരമോ ഇപെര്‍മിറ്റോ ആവശ്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

chandrika: