X
    Categories: indiaNews

പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്നു; ബുധനാഴ്ച അവസാനിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി : കൂടുതല്‍ എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്.
കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിക്കും പ്രഹ്ളാദ് സിങ് പട്ടേലിനും ഉള്‍പ്പെടെ 30 എം.പിമാര്‍ക്കാണ് ഇതിനകം കോവിഡ് സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് സമ്മേളനം ചുരുക്കാന്‍ ആലോചിക്കുന്നത്. അതേസമയം, കര്‍ഷിക ബില്ലില്‍ രാ്ജ്യസഭയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ മോദി സര്‍ക്കാറിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്ന സാഹചകര്യവും നിലവിലുണ്ട്.

ഇന്ന്, സ്പീക്കര്‍ ഓം ബിര്‍ല ലോക്സഭയുടെ അടിയന്തര കാര്യോപദേശക സമിതി വിളിച്ചുചേര്‍ത്തതിന് പിന്നാലെയാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായത്. പാര്‍ലമെന്റ്ിന് മുന്നോടിയായി നടന്ന നിര്‍ബന്ധിത പരിശോധനാ റിപ്പോര്‍ട്ടുകളില്‍ പലതും പോസീറ്റീവ് ആയി മാറിയതും അവരില്‍ പലരും സഭയില്‍ പങ്കെടുക്കുകയും ചെയ്തതോടയാണ്് എംപിമാരുടെ സുരക്ഷയെക്കുറിച്ച് ആശങ്കായുര്‍ന്നത്. സഭ വെട്ടിച്ചുരുക്കുന്നതില്‍ സമവായം ഉണ്ടാക്കാന്‍ കേന്ദ്രം നേരത്തെ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയിരുന്നു. പല പ്രതിപക്ഷ പാര്‍ട്ടികളും സെഷന്‍ അവസാനിപ്പിക്കുന്നതിന് അനുകൂലവുമാണ്.

ആറുമാസത്തിന് ശേഷം സമ്മേളിച്ച 18 ദിവസം നീണ്ടുനില്‍ക്കേണ്ടിയിരുന്ന വര്‍ഷകാല സഭ നിലവില്‍ സെപ്റ്റംബര്‍ 14 ന് ആരംഭിച്ച് ഒക്ടോബര്‍ ഒന്നുവരെയാണ് നിശ്ചയിച്ചിരുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണത്തിലും പ്രത്യേകസമയക്രമത്തിലുമാണ് ലോക്സഭയും രാജ്യസഭയും ചേരുന്നിരുന്നത്.

ഇതിനിടെ, ലോക്‌സഭയിലെ പതിനേഴ് അംഗങ്ങള്‍ക്കും രാജ്യസഭയില്‍ നിന്നുള്ള എട്ട് പേര്‍ക്കുമാണ് കൊറോണ വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചത്. ലോക്‌സഭാ എംപിമാരില്‍ ബിജെപിയുടെ 12 പേരും, വൈ എസ് ആര്‍ കോണ്‍ഗ്രസിന് രണ്ട് പേരും, ശിവസേന, ഡിഎംകെ, ആര്‍എല്‍പി എന്നിവയിലെ ഓരോരുത്തരുമാണ് രോഗബാധിതരായത്.

അതേസമയം , സെഷന്‍ അവസാനിപ്പിക്കുന്നതിന് മുമ്പ് പാര്‍ലമെന്റില്‍ 11 ഓര്‍ഡിനന്‍സുകള്‍ നീക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുണ്ട്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകള്‍ മാത്രമാണ് ലോക്‌സഭ ഇതുവരെ പാസാക്കിയത്. പകര്‍ച്ചവ്യാധിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് ഫണ്ട് ലാഭിക്കാന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള ഓര്‍ഡിനന്‍സ് ഇരുസഭകളും അംഗീകരിച്ചു.

വിവാദമായ കാര്‍ഷിക ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് സര്‍ക്കാര്‍ നാളത്തേക്ക് മാറ്റി. ബില്ലിനെതിരെ സഖ്യകക്ഷികള്‍ വരെ രംഗത്തെത്തിയതോടെ സഭയില്‍ ഹാജരുണ്ടാകണമെന്ന് കാണിച്ച് എല്ലാ എംപിമാര്‍ക്കും ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്.

മോദി സര്‍ക്കാര്‍ ലോക്സഭയില്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ കടക്കുന്നതില്‍ ഭരണകക്ഷിയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. വേണ്ടത്ര അംഗങ്ങള്‍ സഭയില്‍ ഇല്ലാത്തതും സഖ്യകക്ഷികള്‍ പലരും ഇടഞ്ഞു നില്‍ക്കുന്നതും ചിലര്‍ പരസ്യമായി രംഗത്ത് വന്നതും ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്. ബില്ലിനെതിരെ വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വിവിധ കക്ഷികളെ സമീപിച്ചിട്ടുമുണ്ട്. ഇതിനിടെ നരേന്ദ്ര മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകളെ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) എതിര്‍ക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു (കെസിആര്‍) വ്യക്തമാക്കി.

chandrika: