X

കെവിന്റെ മൃതദേഹത്തില്‍ മാരക മുറിവുകള്‍, തലയിലും പരിക്ക്: പ്രതിഷേധം ശക്തമാവുന്നു

കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ കെവിന്‍ പി ജോസഫ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഭര്‍ത്താവിന്റെ തിരോധാനത്തില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തിരുന്ന ഗാന്ധിനഗര്‍ പൊലീസിന്റെ നടപടിക്കെതിരെ യൂത്ത്‌കോണ്‍ഗ്രസ് പ്രോവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയാണ്. മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരോടൊ്പ്പം കെവിന്റെ ബന്ധുക്കളും സ്‌റ്റേഷന്‍ ഉപരോധിക്കുകയാണ് ഇപ്പോള്‍.

കെവിന്റെ മൃതദേഹം തെന്മലയില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെയുള്ള ചാലിയക്കര തോട്ടില്‍ നിന്നാണ് കണ്ടെത്തിയത്. തോട്ടത്തില്‍ ജോലിക്കെത്തിയ ആളുകളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കെവിന്റേത് തന്നെയാണെന്ന് ഉറപ്പുവരുത്തിയത്. മൃതദേഹത്തില്‍ മാരകമുറിവുകളും തലയ്ക്ക് പരുക്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂര്‍ രജിസ്ട്രാര്‍ ഓഫിസിലാണ് കെവിനും നീനു ചാക്കോയും തമ്മിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തത്.

പ്രണയ വിവാഹത്തിന്റെ പേരില്‍ കെവിനെയും സുഹൃത്തിനെയും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കോട്ടയം മാന്നാനത്ത് അര്‍ധരാത്രി കെവിന്റെ വീടുകയറി അക്രമിച്ചാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് പിന്നില്‍ തന്റെ സഹോദരനാണെന്ന് കെവിന്റെ ഭാര്യ പറഞ്ഞിരുന്നു. സുഹൃത്തിനെ വഴിയില്‍ ഉപേക്ഷിച്ച് പോയ അക്രമിസംഘത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നെങ്കിലും കാര്യമായ അന്വേഷണത്തിന് പൊലീസ് തയ്യാറായിരുന്നില്ല. തട്ടിക്കൊണ്ടുപോയത് പുനലൂരിലേക്കായിരുന്നുവെന്ന് രക്ഷപ്പെട്ട സുഹൃത്ത് പൊലീസിന് വിവരം നല്‍കിയിരുന്നു. മാരകായുധങ്ങളുമായെത്തിയ പത്തംഗസംഘം വാഹനത്തില്‍വച്ച് ക്രൂരമായി മര്‍ദിച്ചുവെന്നും പെണ്‍കുട്ടിയെ തിരിച്ചെത്തിക്കണമെന്ന നിബന്ധനയോടെയാണ് വിട്ടയച്ചതെന്നുംഇയാള്‍ പൊലീസിനോട് പറഞ്ഞു.

കെവിനിനെ തട്ടിക്കൊണ്ടുപോയെന്ന ഭാര്യ നീനുവിന്റെ പരാതി ഗാന്ധിനഗര്‍ പൊലീസ് അവഗണിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞ് അന്വേഷിക്കാമെന്നായിരുന്നു എസ്‌ഐ എം.എസ് ഷിബുവിന്റെ മറുപടി. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ എസ്‌ഐ എം.എസ്.ഷിബുവിനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയതിന് കോട്ടയം എസ്.പി മുഹമ്മദ് റഫീഖിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. വിഷയത്തില്‍ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു. മൂന്നാഴ്ചയ്ക്കകം പൊലീസ് റിപ്പോര്‍ട്ട് നല്‍കണം. കേസ് അന്വേഷിക്കുന്നതില്‍ പൊലീസ് വീഴ്ചവരുത്തിയോ എന്ന് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് മാധ്യമങ്ങളോട് പറഞ്ഞു.

കെവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കൈക്കൂലി വാങ്ങി അന്വേഷണം വൈകിപ്പിച്ച പൊലീസുകാരുടേത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഞ്ഞടിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പൊലീസ് സ്‌റ്റേഷനു മുന്നില്‍ രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കുത്തിയിരിക്കുകയാണ്.

chandrika: