X

മോഷ്ടിച്ച ലോട്ടറി ടിക്കറ്റുകളില്‍ 12 എണ്ണവും അടിച്ചു; പണമാക്കാനെത്തിയപ്പോള്‍ കയ്യോടെ പിടിയില്‍

തൃശൂര്‍: മോഷ്ടിച്ച ലോട്ടറി ടിക്കറ്റുകള്‍ക്ക് പ്രൈസ് അടിച്ചതോടെ പണം വാങ്ങാനെത്തിയ ആള്‍ കയ്യോടെ പിടിയില്‍. തൃശൂര്‍ രാഗം തിയറ്ററിന് സമീപം അമ്മ ലോട്ടറി ഏജന്‍സിയിലെത്തി പണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. കുണ്ടന്നൂര്‍ ആലപ്പാടന്‍ സ്റ്റാന്‍ലിയാണ് അറസ്റ്റിലായത്.

മോഷ്ടിച്ച ഒരേ സീരീസിലെ 12 ടിക്കറ്റുകള്‍ക്ക് 5000 രൂപ വീതമാണ് സമ്മാനം അടിച്ചത്. ആകെ 60,000 രൂപ. ഇത് വാങ്ങാനെത്തിയപ്പോഴാണ് പിടിയിലാകുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 25ന് പൂങ്കുന്നത്തിനടുത്തെ കുട്ടന്‍കുളങ്ങരയില്‍ പലചരക്കു കടയില്‍ മോഷണം നടന്നിരുന്നു. 15,000 രൂപയും വില്‍പനക്കു വച്ചിരുന്ന ലോട്ടറി ടിക്കറ്റുകളും കടയില്‍നിന്ന് മോഷണം പോയി. മോഷണം പോയ ടിക്കറ്റുകളിലെ ഒരേ സീരീസിലെ 12 എണ്ണം ടിക്കറ്റുകള്‍ സമ്മാനാര്‍ഹമാണെന്ന് തൃശൂര്‍ വെസ്റ്റ് സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ മനസിലാക്കി. ലോട്ടറി പണമാക്കാന്‍ മോഷ്ടാവ് വരുമെന്ന് മനസിലാക്കിയ പൊലീസ് എല്ലാ ലോട്ടറി കച്ചവടക്കാര്‍ക്കും ജില്ലാ ലോട്ടറി ഓഫീസിലും മുന്നറിയിപ്പ് നല്‍കി.

നറുക്കെടുപ്പ് കഴിഞ്ഞ് 12ാം ദിവസം മോഷ്ടാവ് ലോട്ടറി പണമാക്കാനായി വന്നതായിരുന്നു. വില്‍പനക്കാരന്‍ ഇയാളെ തന്ത്രപരമായി കടയില്‍ ഇരുത്തിയ ശേഷം പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.

web desk 1: