X

ലുലു ഗ്രൂപ്പിന്റെ പുതിയ സംരംഭം അബുദാബി അല്‍റഹ്ബയില്‍

അബുദാബി: ലുലു ഗ്രൂപ്പിന്റെ പുതിയ സംരംഭം അബുദാബി അല്‍റഹ്ബയില്‍ വരുന്നു. അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഓഫീസ്, അബുദാബി മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ പദ്ധതി വരുന്നത്.

നിവാസികളുടെ ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിനുള്ള പരിപാടികളുടെ ഭാഗമായി അബുദാബിയുടെ പ്രാന്തപ്രദേശമായ അല്‍ റഹ്ബയില്‍ പുതിയ കമ്മ്യൂണിറ്റി സെന്ററാണ് ആരംഭിക്കുന്നത്.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, അബുദാബി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഡോക്ടര്‍ സാലെം ഖല്‍ ഫാന്‍ അല്‍ കാബി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍ ഷംസി, ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫി രുപാവാല എന്നിവര്‍ മുസതഹാ കരാറില്‍ ഒപ്പുവെച്ചു.

പുതിയ കമ്യൂണിറ്റി മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടു കൂടി അല്‍ റഹ്ബ, ഷഹാമ, അജ്ബാന്‍, അല്‍ റഹ്ബ ഹോസ്പിറ്റല്‍ തുടങ്ങിയ പ്രദേശങ്ങളിലെ നിവാസികള്‍ക്ക് പ്രയോജനകരമാകും.

റീട്ടെയില്‍ മേഖലയിലെ പ്രമുഖരായ ലുലു ഗ്രൂപ്പുമായി ചേര്‍ന്ന് ഈ പദ്ധതിയുമായി സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസ് ഡയറക്ടര്‍ ജനറല്‍ അബ്ദുള്ള അബ്ദുല്‍ അസീസ് അല്‍ ഷംസി പറഞ്ഞു.

അബുദാബി സര്‍ക്കാരിന്റെ ഈ പദ്ധതി നടപ്പിലാക്കുന്നതിനായി ലുലു ഗ്രൂപ്പിനെ തെരഞ്ഞെടുത്തതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചതായും പണി പൂര്‍ത്തിയാകുന്നതൊടെ ഈ പ്രദേശത്തെ ഏറ്റവും മികച്ചതും ആധുനികവുമായ കമ്മ്യൂണിറ്റി സെന്ററായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിറ്റി സെന്ററില്‍ 35,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, റീട്ടെയില്‍ സ്റ്റോറുകള്‍, എഫ് ആന്‍ഡ് ബി ഔട്ട്ലെറ്റുകള്‍, കമ്മ്യൂണിറ്റി സര്‍വീസ് ഏരിയ എന്നിവയുണ്ടാകും. മൊത്തം 150,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് പദ്ധതി നടപ്പിലാക്കുക. നടപ്പാതകള്‍, മനോഹരമായ ജലസംവിധാനങ്ങള്‍, ഓപ്പണ്‍ ടെറസ് റെസ്റ്റോറന്റുകള്‍, കാല്‍നടയാത്രക്കാര്‍ക്ക് കുട്ടികളുമായി കളിക്കുന്ന സ്ഥലങ്ങളില്‍ എളുപ്പത്തില്‍ പ്രവേശിക്കുന്നതിന് എല്ലാ വശങ്ങളില്‍ നിന്നും സൗകര്യം, ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍, സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും പ്രത്യേക പാര്‍ക്കിംഗ് ബേകള്‍ എന്നിവയും പുതിയ കമ്യൂണിറ്റി സെന്ററിലുണ്ടാകും.

2025-ന്റെ മൂന്നാം പാദത്തോടെ കമ്മ്യൂണിറ്റി സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഗുണനിലവാരത്തിനും ബിസിനസ്സ് മികവിനുമുള്ള ഷെയ്ഖ് ഖലീഫ എക്‌സലന്‍സ് അവാര്‍ഡ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് ലഭിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.

webdesk13: