X

എം.എം ഹസൻ കെപിസിസി താത്കാലിക പ്രസിഡന്റ്; നാളെ ചുമതല ഏറ്റെടുക്കും

കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല യുഡിഎഫ് കൺവീനർ എം എം ഹസന്. നാളെ (മാർച്ച് 13) മുതൽ എം എം ഹസൻ ചുമതല ഏറ്റെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചു.

കെപിസിസി പ്രസിഡന്റിന്റെ ചുമതല ഉള്ളതിനാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നായിരുന്നു സുധാകരന്റെ ആദ്യ നിലപാട്. എന്നാൽ ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു. ‘ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്നായിരുന്നു എന്റെ തീരുമാനം. എന്നാൽ പാർട്ടി പറഞ്ഞാൽ തള്ളാനാവില്ല.

കോൺഗ്രസ് പാർട്ടിയാണ് എന്റെ അവസാന വാക്ക്. കണ്ണൂരിൽ സ്വീകരിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകരുടെയും അനുഭാവികളുടെയും ആവേശം കാണുമ്പോൾ മത്സരിക്കാനുള്ള പാർട്ടി നിർദേശം ശരിയാണെന്ന് മനസ്സിലായി. മത്സരിച്ചില്ലെങ്കിൽ നിരാശയുണ്ടായേനെ.’– കെ.സുധാകരൻ വ്യക്തമാക്കി.

ഇപ്പോൾ യുഡിഎഫിന് അനുകൂലമാണ് കേരളത്തിലെ സാഹചര്യമെന്നും ലോക്സഭാ സ്ഥാനാർഥി നിർണയത്തിൽ കേരളത്തിൽ യുഡിഎഫ് മനസ്സ് ഒരേ പോലെ ചിന്തിച്ചത് ആദ്യമാണെന്നും സുധാകരൻ പറഞ്ഞു. ഇരുപതിൽ ഇരുപത് സീറ്റും എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

webdesk13: