X
    Categories: keralaNews

അലന്‍-താഹ കേസ്: പിണറായിയെ പരസ്യമായി തള്ളിപ്പറഞ്ഞ് വീണ്ടും എം.എ ബേബി

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അലനേയും താഹയേയും മാവോയിസ്റ്റ് മുദ്ര കുത്തി ജയിലിലടച്ച സംഭവത്തില്‍ മുഖ്യമന്ത്രിയെ പരസ്യമായി തള്ളി പറഞ്ഞ് വീണ്ടും എം.എ ബേബി. ഇരുവര്‍ക്കും ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് എം.എ ബേബി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ അലന്‍ ശുഐബിനും താഹാ ഫസലിനും എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചതില്‍ അതിയായ സന്തോഷം. വിദ്യാര്‍ത്ഥികളായിരുന്ന ഇവര്‍ ഇരുവരുടെയും പേരില്‍ പോലീസും എന്‍ഐഎയും ഉയര്‍ത്തിയ ആരോപണം മാവോയിസ്റ്റ് ബന്ധം എന്നതാണ്. ഇവര്‍ മറ്റ് എന്തെങ്കിലും നിയമവിരുദ്ധ ക്രിമിനല്‍പ്രവര്‍ത്തനം നടത്തിതായി ആരോപണം ഇല്ല. രാഷ്ട്രീയ പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി ജയിലില്‍ അടയ്ക്കുന്നതിന് സിപിഎം എതിരാണ്. ഇന്ത്യയിലെ വിവിധ ജയിലുകളിലായി കഴിയുന്ന എല്ലാ രാഷ്ട്രീയ തടവുകാര്‍ക്കും ഇതുപോലെ ജാമ്യം നല്‍കേണ്ടതാണ്.

അലന്‍-താഹ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളിക്കൊണ്ടാണ് എം.എ ബേബി ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇരുവരും ചായ കുടിച്ചിരിക്കുമ്പോഴല്ല അറസ്റ്റ് ചെയ്തതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പൊലീസിനെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. എന്നാല്‍ ആഭ്യന്തര വകുപ്പിലെ സംഘപരിവാര്‍ വല്‍ക്കരണത്തിനെതിരെ സിപിഎമ്മിനുള്ളില്‍ തന്നെ നിലനില്‍ക്കുന്ന അതൃപ്തി പരസ്യമാക്കുകയാണ് ഇപ്പോള്‍ എം.എ ബേബി ചെയ്തിരിക്കുന്നത്. ഇരുവരെയും പിന്തുണച്ച് നേരത്തെയും എം.എ ബേബി രംഗത്ത് വന്നിരുന്നു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: