X

പിണറായി പോലീസിനെ അടച്ചാക്ഷേപിച്ച് എംഎ ബേബി; ‘പോലീസ് അഴിഞ്ഞാട്ടം അവസാനിപ്പിക്കണം’

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ പോലീസിനെ അടച്ചാക്ഷേപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി രംഗത്ത്. കഴിഞ്ഞ ദിവസം പോലീസിന്റെ നയങ്ങളെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് ഇപ്പോള്‍ വിമര്‍ശനവുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. അഴിഞ്ഞാട്ടം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആ സമീപനം മാറ്റുന്നതായിരിക്കും നല്ലതെന്ന് ബേബി പറഞ്ഞു.

ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഇടത് സര്‍ക്കാരിന്റെ നയങ്ങളില്‍ നിന്നും വ്യതിചലിക്കാന്‍ ശ്രമിക്കുന്നു. അഴിഞ്ഞാട്ടം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആ സമീപനം മാറ്റുന്നതായിരിക്കും നല്ലത്. ഇല്ലെങ്കില്‍ നടപടി സ്വീകരിക്കാന്‍ പ്രാപ്തിയുളള സര്‍ക്കാരാണ് ഇപ്പോഴുളളതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട പോസ്റ്റിലും പോലീസിനെതിരെയുള്ള വിമര്‍ശനം ഉണ്ടായിരുന്നു. യുഎപിഎ ചുമത്തുന്നത് ശരിയല്ലെന്നും തെറ്റായ നടപടിയാണെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു. കോഴിക്കോട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെതിരെ യുഎപിഎ ചുമത്താനുള്ള നീക്കം നടന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ബേബിയുടെ പ്രതികരണം. നദീറിനെ പിന്നീട് പോലീസ് വിട്ടയച്ചിരുന്നു.

കഴിഞ്ഞ ദിവസം കൊടിയേരിയും പിണറായി പോലീസിനെതിരെ രംഗത്തെത്തിയിരുന്നു. യുഎപിഎ ഭീകരപ്രവര്‍ത്തനങ്ങളില്‍ മാത്രമേ ചുമത്താന്‍ പാടൂവെന്ന് കൊടിയേരിയും അഭിപ്രായപ്പെട്ടു. പാര്‍ട്ടിയില്‍ നിന്നുതന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനാലാണ് പിന്നീട് നദീറിനെ വിട്ടയക്കാന്‍ മുഖ്യമന്ത്രി പിണറായി പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.

chandrika: