X

തമിഴ്‌നാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവ്

ചെന്നൈ: തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടക്കം വന്ദേമാതരം നിര്‍ബന്ധമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ആഴ്ചയില്‍ ഒരിക്കലെങ്കിലും വന്ദേമാതരം ആലപിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. തിങ്കളോ വെള്ളിയോ ഏതെങ്കിലും ഒരുദിവസം സ്‌കൂളുകളിലും കോളജുകളിലും സര്‍വകലാശാലകളിലും വന്ദേമാതരം ആലപിക്കണം. കൂടാതെ, മാസത്തിലൊരിക്കല്‍ സര്‍ക്കാര്‍ ഓഫിസുകളിലും സ്ഥാപനങ്ങളിലും സ്വകാര്യ കമ്പനികളിലും ഫാക്ടറികളിലും വ്യവസായശാലകളിലും വന്ദേമാതരം ആലപിക്കണമെന്നും ജസ്റ്റിസ് എം.വി. മുരളീധരന്‍ ഉത്തരവിട്ടു. ബംഗാളിയിലോ സംസ്‌കൃതത്തിലോ പാട്ടുപാടാന്‍ ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടെങ്കില്‍ തമിഴിലേക്ക് മൊഴിമാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണം. മൊഴിമാറ്റി തമിഴ്, ഇംഗ്ലിഷ് ഭാഷയില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും പോസ്റ്റ് ചെയ്യാന്‍ ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷനോട് കോടതി നിര്‍ദേശിച്ചു. എന്നാല്‍ പാടുന്നതിനോട് ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അവരെ നിര്‍ബന്ധിക്കരുതെന്നും കോടതി ഉത്തരവിട്ടു. കെ. വീരമണി എന്നയാളുടെ ഹര്‍ജിയിലായിരുന്നു കോടതി തീരുമാനം. സ്‌കൂള്‍ അധ്യാപന തസ്തികയിലേക്ക് നടത്തിയ പരീക്ഷയില്‍ ഒരു മാര്‍ക്കിനാണ് വീരമണിക്ക് യോഗ്യത നേടാനാവാതെ പോയത്. വന്ദേമാതരം ഏതു ഭാഷയിലാണ് എഴുതിയതെന്ന ചോദ്യത്തിന് ബംഗാളി എന്നാണ് ഇയാള്‍ ഉത്തരം എഴുതിയത്. ഇതു തെറ്റാണെന്നു കാട്ടി ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വീരമണിയുടെ മാര്‍ക്ക് ഇല്ലാതാക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. പിന്നീട് കോടതി നിര്‍ദേശപ്രകാരം അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ വിശദീകരണത്തില്‍ വന്ദേമാതരത്തിന്റെ യഥാര്‍ഥ ഭാഷ സംസ്‌കൃതമാണെന്നും എന്നാല്‍ എഴുതിയിരിക്കുന്നത് ബംഗാളിയിലാണെന്നും വ്യക്തമാക്കി. ഇതേത്തുടര്‍ന്നു വീരമണിയെ ബിടി അസിസ്റ്റന്റ് തസ്തികയില്‍ നിയമിക്കണമെന്ന് ജഡ്ജി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

chandrika: