X
    Categories: indiaNews

ഏകനാഥ് ഖഡ്‌സെക്ക് പിന്നാലെ പങ്കജ മുണ്ടെയും പാര്‍ട്ടി വിടുന്നു; മഹാരാഷ്ട്ര ബിജെപിയില്‍ പ്രതിസന്ധി

മുംബൈ: മഹാരാഷ്ട്ര ബിജെപിയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഏകാധിപത്യപ്രവണതയില്‍ പ്രതിഷേധിച്ച് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നു. മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബിജെപി നേതാക്കളിലൊരാളായ ഏകനാഥ് ഖഡ്‌സെ കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇദ്ദേഹം വെള്ളിയാഴ്ച എന്‍സിപിയില്‍ ചേരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ പ്രമുഖ ബിജെപി നേതാവായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെ പാര്‍ട്ടി വിടുമെന്ന വാര്‍ത്തകള്‍ വരുന്നത്.

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ കൂടിയാലോചനകളില്ലാതെ കാര്യങ്ങള്‍ നടപ്പാക്കുന്നതും കേന്ദ്രനേതൃത്വം അതിനെ പിന്തുണക്കുന്നതുമാണ് മറ്റുള്ളവരെ പ്രകോപിപ്പിക്കുന്നത്. ‘ഇവിടെ ബിജെപിയെ കെട്ടിപ്പടുത്തത് ഞാനാണ്. ഇപ്പോള്‍ അതിനെ നയിച്ചുകൊണ്ടിരിക്കുന്ന നേതാക്കള്‍ എന്താണ് പാര്‍ട്ടിക്ക് വേണ്ടി ചെയ്തത്. എന്റെ 40 വര്‍ഷങ്ങളാണ് ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പിച്ചത്. പാര്‍ട്ടിയുടെ ദേശീയ സംസ്ഥാന നേതൃത്വവുമായി എനിക്കൊരു ഭിന്നതയുമില്ല. എന്റെ വിയോജിപ്പ് ദേവേന്ദ്ര ഫഡ്‌നാവിസിനോട് മാത്രമാണ്. അതീവ ദുഃഖത്തോടെയാണ് ഞാന്‍ ബിജെപി വിടുന്നത്’-ഏകനാഥ് ഖഡ്‌സെ പറഞ്ഞു.

ഇതിന് പിന്നാലെയാണ് പങ്കജ മുണ്ടെ പാര്‍ട്ടി വിടുമെന്ന വാര്‍ത്തകള്‍ വരുന്നത്. കഴിഞ്ഞ ഫഡ്‌നാവിസ് മന്ത്രിസഭയില്‍ അംഗമായിരുന്ന അവര്‍ 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള ചിലരാണ് തന്റെ തോല്‍വിക്ക് കാരണക്കാരെന്ന് പങ്കജ മുണ്ടെ പറഞ്ഞിരുന്നു. ബീഡ് ജില്ലയില്‍ ഏകനാഥ് ഖഡ്‌സെക്കൊപ്പം നടത്തിയ ഒരു റാലിയില്‍ ഫഡ്‌നാവിസിനെതിരെ പങ്കജ മുണ്ടെ പരസ്യമായി വിമര്‍ശനമുന്നയിച്ചിരുന്നു.

ഇത്തവണ മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെടാന്‍ കാരണം ഫഡ്‌നാവിസാണെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനം. ശിവസേനയെ ഫഡ്‌നാവിസ് പിണക്കിയത് അബദ്ധമായെന്നും അവര്‍ പറയുന്നു. അതേസമയം ഏകനാഥ് ഖഡ്‌സെയുടെ രാജിയെക്കുറിച്ച് പ്രതികരിക്കാന്‍ ഇതുവരെ ഫഡ്‌നാവിസ് തയ്യാറായിട്ടില്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: