X
    Categories: indiaNews

മഹാരാഷ്ട്ര മന്ത്രിസഭയില്‍ നിറയെ ക്രിമിനലുകള്‍, കോടിപതികള്‍

മുംബൈ: മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ എല്ലാവരും കോടിപതികള്‍. 75 ശതമാനം പേര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമാണെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) നടത്തിയ പഠനം വ്യക്തമാക്കുന്നു. 20 പേരടങ്ങുന്ന മന്ത്രിസഭയില്‍ 15 പേര്‍ക്കെതിരേ ക്രിമിനല്‍ കേസുകളുണ്ട്.

ശിവസേന വിമതനായ ഏക്‌നാഥ് ഷിന്‍ഡെ ബി.ജെ. പിയുമായി ചേര്‍ന്ന് അടുത്തിടെയാണ് സര്‍ക്കാരുണ്ടാക്കിയത്. തുടര്‍ന്ന് ദേവേന്ദ്ര ഫഡ്‌നവിസ് ഉപമുഖ്യമന്ത്രിയും 18 മന്ത്രിമാരുമടങ്ങുന്ന മന്ത്രിസഭ അധികാരത്തിലേറി. ഷിന്‍ഡെ പക്ഷത്തുള്ള ഏഴ് മന്ത്രിമാരും ബി. ജെ.പിയില്‍ നിന്നുള്ള എട്ട് മന്ത്രിമാര്‍ക്കുമെതിരേ കടുത്ത ക്രിമിനല്‍ കേസുകളാണുള്ളത്. മന്ത്രിസഭയിലെ 20 പേരും കോടിപതികളാണ്. ബി.ജെ.പി. എം.എല്‍.എയും മന്ത്രിയുമായ മംഗള്‍ പ്രഭാത് ലോധയാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മന്ത്രി. 441.65 കോടിയാണ് ലോധയുടെ ആസ്തി. ലോധയ്ക്ക് 283.36 കോടിയുടെ ബാധ്യതകളുണ്ടെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സന്ദീപന്റാവു ബുംറെയാണ് മന്ത്രിസഭയിലെ ആസ്തി കുറഞ്ഞ കോടിപതി. 2.92 കോടിയാണ് ബുംറെയുടെ ആസ്തി. മന്ത്രിമാരുടെ ശരാശരി ആസ്തി 47 കോടിയാണ്. ബി.ജെ.പി. ഭാഗത്ത് നിന്നുള്ള മന്ത്രിമാരുടെ ആസ്തിയുടെ ശരാശരി 58 കോടിയും ഷിന്‍ഡെ ഭാഗത്തു നിന്നുള്ള മന്ത്രിമാരുടേത് ശരാശരി 36 കോടിയുമാണെന്ന് എ.ഡി. ആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രിസഭയിലെ രണ്ടുപേര്‍ എസ്.എസ്.സി. വിദ്യാഭ്യാസമുള്ളവരാണ്. ആറുപേര്‍ എച്ച്.എസ്.സി, 11 പേര്‍ ബിരുദധാരികളുമാണ്. ഒരാള്‍ക്ക് ഡോക്ടറേറ്റ് ഉണ്ട്. ബി.ജെ.പിയുടെ ഡോ. സുരേഷ് ഖാഡെയ്ക്കാണ് ശ്രീലങ്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റുള്ളത്. 80 ശതമാനം 51- 70 വയസുള്ളവരും 20 ശതമാനം 41- 50 വയസുള്ളവരുമാണ്. മന്ത്രിസഭയില്‍ വനിതകളെ ഉള്‍പ്പെടുത്താത്തത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.

web desk 3: