X
    Categories: indiaNews

‘ആരും നിയമത്തിന് അതീതരല്ല’ ; അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റില്‍ പ്രതികരിച്ച് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി

മുംബൈ: അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റില്‍ പ്രതികരണവുമായി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി. ആരും നിയമത്തിന് അതീതരല്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. ‘ആരും നിയമത്തിന് അതീതരല്ല. നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് മഹാരാഷ്ട്രയിലെ പൊലീസ് വിഭാഗം’, അദ്ദേഹം പറഞ്ഞു.

ആത്മഹത്യ പ്രേരണ കേസിലാണ് മുംബൈ പൊലീസ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ 8 മണിയോടെ കേസില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അര്‍ണാബ് നിസഹകരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

2018ല്‍ ഒരു ഇന്റീരിയര്‍ ഡിസൈനറായ വ്യക്തിയും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അര്‍ണാബ് ഗോസ്വാമിയ്‌ക്കെതിരെ കേസെടുത്തിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോള്‍ അര്‍ണാബിനെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം. 53കാരനായ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും 2018ല്‍ ആത്മഹത്യ ചെയ്തിരുന്നു. കോണ്‍കോര്‍ഡ് ഡിസൈന്‍സ് െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എം.ഡിയായിരുന്നു അന്‍വായ് നായിക്. അദ്ദേഹവും അമ്മയും അലിഭാഗിലെ ഫാം ഹൗസില്‍ മെയ് 2018ലാണ് ആത്മഹത്യ ചെയ്തത്.

അര്‍ണാബ് ഗോസ്വാമിയും ഫിറോസ് ഷെയ്ഖ്, നിതീഷ് സാര്‍ധ എന്നിവരും ചേര്‍ന്ന് തന്റെ കയ്യില്‍ നിന്ന് 5.4 കോടി രൂപ വാങ്ങിയിരുന്നുവെന്ന് അന്‍വായ് നായിക് ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു. സ്റ്റുഡിയോ ഡിസൈന്‍ ചെയ്ത വകയില്‍ അര്‍ണാബ് ഗോസ്വാമി നല്‍കാനുള്ള 83 ലക്ഷം രൂപ അന്‍വായ് നായികിന് നല്‍കാനുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

web desk 3: