X

സ്ഥാനാര്‍ത്ഥിയെ 15ന് പ്രഖ്യാപിക്കും;കെ.പി.എ മജീദ്

മലപ്പുറം: മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ ഈ മാസം 15ന് തീരുമാനിക്കുമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. പാര്‍ട്ടി വര്‍ക്കിംങ് കമ്മിറ്റി മീറ്റിങ്ങിന് ശേഷം പാണക്കാടുവെച്ച് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറം ലോക്്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപകാലത്തെ പെരുമാറ്റം ജനാധിപത്യകേരളത്തിന് അപമാനകരമാണ്. കഴിഞ്ഞ ദിവസങ്ങളിലായി നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തിലും സഭയില്‍ നടുത്തളത്തിലിറങ്ങിയ സംഭവത്തിലും അദ്ദേഹം മുഖ്യമന്ത്രിയെ വിമര്‍ശിച്ചു. പുറത്തുനടക്കുന്ന കാര്യങ്ങള്‍ തന്നെയാണ് നിയമസഭക്ക് അകത്ത് ചര്‍ച്ചക്കായി വരാറുള്ളത്. ആ ചര്‍ച്ചകള്‍ക്ക് മാന്യമായ രീതിയിലുള്ള മറുപടിയാണ് മുഖ്യമന്ത്രി പറയേണ്ടത്. എന്നാല്‍ പ്രതികാരത്തോടെയോ ഭീഷണിപ്പെടുത്തുന്ന രീതിയിലോ ആണ് മുഖ്യമന്ത്രിയുടെ സംസാരരീതിയെന്നും മജീദ് പറഞ്ഞു.

സ്ത്രീപീഢനങ്ങള്‍കൊണ്ട് അപമാനകരമായ രീതിയിലാണ് കേരളം പോയ്‌ക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പോലീസ് ശരിയായ രീതിയില്‍ ഇടപെടേണ്ടതാണ്. പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്പോള്‍ നടപടിയെടുത്ത് മുന്നോട്ട് പോകലാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍ പോലീസ് നോക്കിനില്‍ക്കെയാണ് ശിവസേനക്കാര്‍ ജനങ്ങളെ ആക്രമിക്കുന്നത്. പോലീസും സ്ംഘ്പരിവാറും തമ്മില്‍ ഒരു ആത്മബന്ധമാണ് ഇവിടെ നിലനില്‍ക്കുന്നതെന്നും കെ.പി.എ മജീദ് കൂട്ടിച്ചേര്‍ത്തു.

chandrika: