X

കേരളത്തെ ആയുധപ്പുരയാക്കുന്നു; ടിപി വധക്കേസ് പ്രതി തോക്കുകടത്തിയത് ഭരണത്തണലിലെന്ന്- കെ.സുധാകരന്‍

ജയിലില്‍ കിടക്കുന്ന ടി.പി വധക്കേസ് നാലാം പ്രതി ടി.കെ.രജീഷ് കേരളത്തിലേക്ക് തോക്കുകടത്തിയത് ഭരണത്തണലിലാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസ് രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലെത്തി കസ്റ്റഡിയിലെടുത്തത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. കേരള പോലീസ് എടുക്കേണ്ട നടപടിയാണ് കര്‍ണാടക പോലീസ് എടുത്തത്. ബോംബുകളും തോക്കുകളും സമാഹരിച്ച് കേരളത്തെ ആയുധപ്പുരയാക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ടിപി വധക്കേസ് പ്രതികളുടെ സംരക്ഷകനായി തുടരുന്നു. തോക്കുകളും ബോംബുകളും ഉപയോഗിക്കുന്നത് രാഷ്ട്രീയ എതിരാളികളെ നേരിടാനും ഗുണ്ടകള്‍ക്ക് സ്വര്‍ണക്കടത്തും മയക്കുമരുന്ന് ഇടപാടുകളും നടത്താനാണെന്ന് കരുതപ്പെടുന്നു.

പിണറായി വിജയന്‍ അധികാരമേറ്റ ശേഷം ടി.പി വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ ലഭിച്ച സൗകര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഫോണ്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവര്‍ക്ക് ജയിലില്‍ ലഭിച്ചിട്ടുണ്ട്. കൊടിസുനിയുടെ കയ്യില്‍ നിന്നും ബ്ലൂടുത്ത് ഹെഡ്സെറ്റ് അടക്കം മൊബൈല്‍ ഫോണ്‍ പിടികൂടിയിട്ടുണ്ട്. മദ്യവും മയക്കുമരുന്നും സുലഭമായി ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. ജയില്‍ സൂപ്രണ്ടിന്റെ ഓഫീസ് ജോലികളില്‍ സഹായികളായി ഇവരെയാണ് നിയോഗിച്ചിരിക്കുന്നത്. ആഭ്യന്തരവകുപ്പും പോലീസും നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ പുറത്ത് ഇവര്‍ക്ക് യഥേഷ്ടം പരോള്‍ ലഭിക്കുന്നു. ജയിലില്‍ കിടക്കുമ്പോള്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ നിശ്ചിതകാലത്തേക്ക് പരോള്‍ നല്‍കരുതെന്ന് വ്യവസ്ഥയുണ്ടെങ്കിലും അതൊന്നും ഇവര്‍ക്ക് ബാധകമല്ല.

കേസിലെ മൂന്നാം പ്രതി കൊടി സുനി ജയിലിലിരുന്നാണ് ക്വട്ടേഷന്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. സ്വര്‍ണക്കടത്ത് സംഘത്തെ ഭീഷണിപ്പെടുത്തിയതിന് കൊടി സുനിക്കെതിരേ പോലീസ് കേസുണ്ട്. രണ്ടാം പ്രതി കിര്‍മാണി മനോജ് വയനാട്ടിലെ ലഹരി പാര്‍ട്ടിയില്‍ പോലീസ് പിടിയിലായി. കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ അഞ്ചാം പ്രതി ഷാഫിയെ കസ്റ്റംസ് ജയിലിലെത്തി ചോദ്യം ചെയ്തു. പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും സംരക്ഷണമാണ് ജയിലില്‍ അഴിഞ്ഞാടാന്‍ ഇവര്‍ക്ക് സൗകര്യം നല്കുന്നത്. ഇവര്‍ക്കെതിരേയുള്ള കേസുകളും മരവിപ്പിച്ചു.

പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിലാണ് ടി.പി.ചന്ദ്രശേഖരനെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസില്‍ 12 സിപിഎമ്മുകാര്‍ ശിക്ഷിക്കപ്പെട്ടെങ്കിലും ടിപിയെ കൊല്ലാന്‍ നിര്‍ദേശിച്ചവര്‍ ഇപ്പോഴും ഇരുട്ടിന്റെ മറവിലാണ്. അവരെ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ ശിപാര്‍ശയും പിണറായി സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. കേരളത്തിലേക്ക് ആയുധംവരെ കടത്തിയിട്ടും പിണറായി വിജയന്‍ സംരക്ഷകനായിരിക്കുന്നത് ഇവരുമായുള്ള അഭേദ്യമായ ബന്ധംകൊണ്ടാണെന്ന് സുധാകരന്‍ പറഞ്ഞു.

webdesk14: