X

നാലുവര്‍ഷത്തിനു ശേഷം മലമ്പുഴ അണക്കെട്ട് തുറന്നു

പാലക്കാട്: നാലുവര്‍ഷത്തിനു ശേഷം മലമ്പുഴ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ രണ്ടും മൂന്നും നാലും ഷട്ടറുകള്‍ മൂന്നു സെന്റിമീറ്റര്‍ വീതമാണു തുറന്നത്. നാലു ഷട്ടറുകളാണ് ആകെയുള്ളത്. പരമാവധിശേഷിയായ 115.06 മീറ്ററിലെത്തിയതോടെയാണ് അണക്കെട്ട് തുറന്നത്.

അതേസമയം, ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. ജലനിരപ്പിന്റെ തോത് അപകടകരമായ നിലയിലേക്ക് എത്തുന്നതുവരെ കാത്തിരിക്കാനാവില്ലെന്നും മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തലുണ്ടായി.

ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറുകളും ഒരുമിച്ച് തുറക്കാതെ ഘട്ടംഘട്ടമായിട്ടായിരിക്കും ഷട്ടറുകള്‍ ഉയര്‍ത്തുക. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി എം.എം മണിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

അതേസമയം, ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്ന് എം.എം മണി വ്യക്തമാക്കി. ഇടുക്കിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. ഷട്ടറുകള്‍ തുറക്കേണ്ടി വന്നാല്‍ ഘട്ടം ഘട്ടമായി തുറക്കുമെന്നും മന്ത്രി പറഞ്ഞു. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമില്ലെന്നും മണി പറഞ്ഞു.

അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.88 അടിയിലേക്ക് ഉയര്‍ന്നു. മണിക്കൂറില്‍ .02 അടി വീതം ജലനിരപ്പ് ഉയരുന്നുണ്ട്. മഴ മാറി നില്‍ക്കുന്നുണ്ടെങ്കിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവില്‍ നേരിയ കുറവു മാത്രമേയുള്ളു.

അതിനിടെ, ഇടമലയാര്‍ അണക്കെട്ടിലും ജാഗ്രതാ നിര്‍ദ്ദേശം ‘ഓറഞ്ച് അലര്‍ട്ട്’ പ്രഖ്യാപിച്ചു. നിലവില്‍ ഡാമിലെ ജലനിരപ്പ് 167.05 മീറ്ററാണ്. 168.5 മീറ്റര്‍ എത്തുമ്പോള്‍ അവസാന ജാഗ്രതാ നിര്‍ദ്ദേശം(റെഡ് അലര്‍ട്ട്) പ്രഖ്യാപിക്കും.

chandrika: