X

ഹിന്ദു പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്താന്‍ ഇടനിലക്കാരിയെന്ന് ആരോപണം: പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവ് സൈനബയുടെ പരാതിയില്‍ ടൈംസ് നൗവ്വിന് നോട്ടീസ്

മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് വനിതാവിഭാഗം നേതാവ് എ.എസ് സൈനബക്കെതിരെയുള്ള ആരോപണത്തില്‍ ടൈംസ് നൗ വാര്‍ത്താചാനലിന് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ സമന്‍സ്. ടൈംസ് നൗ എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ശിവശങ്കര്‍, വാര്‍ത്താ അവതാരകന്‍ ആനന്ദ് നരസിംഹന്‍ എന്നിവര്‍ ആഗസ്റ്റ് 30ന് കോടതിയില്‍ ഹാജരാവണമെന്നും സമന്‍സില്‍ പറയുന്നു. കേരളത്തില്‍ ഹിന്ദുപെണ്‍കുട്ടികളെ മതംമാറ്റാന്‍ സൈനബ ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു ആരോപണം.

വിവാദമായ ഹാദിയ കേസിന്റെ പശ്ചാത്തലത്തിലാണ് സൈനബക്കുനേരെ ആരോപണം ഉയര്‍ന്നത്. ‘കേരളത്തിലെ ഹിന്ദുപെണ്‍കുട്ടികള്‍ വേട്ടയാടപ്പെടുന്നു, മതംമാറ്റത്തിന് ഇരയാക്കപ്പെടുന്നു, ചൂഷണം ചെയ്യപ്പെടുന്നു’ എന്ന പേരില്‍ സംപ്രേഷണം ചെയ്ത പരിപാടിയിലാണ് സംസ്ഥാനത്തെ ഹിന്ദുപെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്താനും സഹായിക്കാനും സൈനബ ഇടപെടുന്നുണ്ടെന്ന് വാര്‍ത്താ ചാനല്‍ ആരോപിച്ചിരുന്നത്. എന്‍.ഐ.എ റിപ്പോര്‍ട്ടിലും ഇത് സൂചിപ്പിക്കുന്നുണ്ടെന്നും ചാനല്‍ പറഞ്ഞിരുന്നു.

ഇതിനെതിരെയാണ് നാഷനല്‍ വിമന്‍സ് ഫ്രണ്ട് പ്രസിഡന്റ് സൈനബ കോടതിയെ സമീപിച്ചത്. 2017 ആഗസ്ത് 30ന് സംപ്രേഷണം ചെയ്ത പരിപാടിയില്‍ തന്നെ ലൗ ജിഹാദിന്റെ ഇടനിലക്കാരിയാക്കി കാണിക്കാന്‍ ശ്രമം നടന്നു. പരിപാടി പൊതു പ്രവര്‍ത്തക കൂടിയായ തനിക്ക് സമൂഹത്തില്‍ അപകീര്‍ത്തിയുണ്ടാക്കിയെന്നും സൈനബ പരാതിയില്‍ പറഞ്ഞിരുന്നു.

chandrika: