X

ലുലുവിൽ നിന്ന് ഒന്നര കോടി അപഹരിച്ച മലയാളി പിടിയിൽ

അബുദാബി: ലുലുവിൽ നിന്ന് വൻ തുക തിരിമറി നടത്തി മുങ്ങിയ കണ്ണൂർ സ്വദേശിയായ യുവാവിനെ അബുദാബി പൊലീസ് പിടികൂടി.അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി (38) നെയാണ് ഒന്നര കോടിയോളം രൂപ(ആറ് ലക്ഷം ദിർഹം) അപഹരിച്ചുവെന്ന കേസിൽ അബുദാബി പൊലീസ് പിടികൂടിയത്.

കഴിഞ്ഞമാസം 25ന് ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ലുലു ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിച്ചത്. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്യാഷ് ഓഫിസിൽ നിന്ന് 6 ലക്ഷം ദിർഹം കുറവുള്ളതായി കണ്ടെത്തിയത്.

ഖാലിദിയ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
റെക്കോർഡ് വേഗതയിലാണ് പ്രതിയെ പിടിച്ചതെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി. നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളും അബുദാബിയിൽ ഒപ്പം താമസിച്ചിരുന്നു. നിയാസിൻ്റെ തിരോധാനത്തിനു ശേഷം ഭാര്യയും കുട്ടികളും ആരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേയ്ക്ക് പോയിരുന്നു.

പണം സൂക്ഷിക്കുന്നതിൽ വാണിജ്യ സ്ഥാപനങ്ങളും വ്യക്തികളും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അബുദാബി പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. പണവും വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കുമ്പോൾ ഭദ്രമാണെന്ന് ഉറപ്പ് വരുത്തണമെന്ന് പോലിസ് പറഞ്ഞു.

webdesk13: