X

മലയാളി യുവാവ് സഊദിയില്‍ തടങ്കലില്‍: മോചനത്തിന് ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് കുടുംബം

സഊദി അറേബ്യയിലെ റിയാദില്‍ ഹോട്ടല്‍ നടത്തിയിരുന്ന യുവാവ് അന്യായമായി തടങ്കലിലാണെന്നും മോചനത്തിന് സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. അമ്പൂരി കുട്ടമല നെടുമ്പുല്ലി സ്വദേശി ഷാജി (47)യുടെ ഭാര്യയും അമ്മയുമാണ് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും എ. സമ്പത്ത് എം.പിക്കും പരാതി നല്‍കിയത്. റിയാദില്‍ പ്രാദേശിക പൊലീസ് സ്റ്റേഷനിലാണ് ഷാജിയുള്ളതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും കുടുംബം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഷാജിയും ഭാര്യാ സഹോദരനായ ശോഭകുമാറും കഴിഞ്ഞ മൂന്നുവര്‍ഷമായി സഊദിയിലാണ്. ഇരുവരും ചേര്‍ന്ന് 13 ലക്ഷം രൂപ മുതല്‍ മുടക്കി സഊദിയിലെ കമാസില്‍ റസ്റ്റോറന്റ് തുടങ്ങിയതുമുതല്‍ അവിടത്തെ പ്രാദേശിക ഹോട്ടല്‍ ഉടമകള്‍ ഓരോതരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സഊദി പൗരന്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്. കട അടിച്ചുതകര്‍ത്തതിന് പിന്നാലെ ഭാര്യാ സഹോദരനായ ശോഭകുമാറിനെ റൂമിലെത്തി കുത്തി പരിക്കേല്‍പ്പിക്കാനും ശ്രമിച്ചു. രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ബോധരഹിതനായ ശോഭകുമാറിന് സംസാരശേഷിയും നഷ്ടമായി. ഷാജിയെ പുറകില്‍ നിന്നു കുത്തുകയും കമ്പി ഉപയോഗിച്ച് മുന്‍വശത്തെ നാലു പല്ലുകള്‍ തകര്‍ക്കുകയും ചെയ്തു. ഇവരുടെ റൂമിലുണ്ടായിരുന്ന ജിത്തു എന്നയാള്‍ ഷാജിയെ ആസ്പത്രിയിലെത്തിക്കുകയും സംഭവം പൊലീസില്‍ അറിയിക്കുകയും ചെയ്തു. പൊലീസെത്തി അന്നു തന്നെ അക്രമികളെ അറസ്റ്റ് ചെയ്തു.

പിന്നീട് കുറെയാളുകള്‍ ആസ്പത്രിയിലും റൂമിലുമെത്തി കേസ് പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ പറഞ്ഞു. മെയ് 13ന് 80,000 റിയാല്‍ തന്ന് കേസ് ഒത്തുതീര്‍ക്കാമെന്ന് പറഞ്ഞ് ഷാജിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഈ സമയം രോഗബാധിതനായി സംസാരശേഷി നഷ്ടപ്പെട്ട ശോഭകുമാറിനെ ജിത്തു ഇടപെട്ട് നാട്ടിലേക്ക് എത്തിച്ചു. തുടര്‍ന്ന് ഷാജിയെ കാണാനില്ലെന്ന് കാട്ടി മുഖ്യമന്ത്രിക്കും എ. സമ്പത്ത് എം.പിക്കും കുടുംബം പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാജി അവിടത്തെ പ്രാദേശിക പൊലീസ് സ്റ്റേഷനിലാണെന്ന് മനസിലായത്. കേസ് പിന്‍വലിക്കണമെന്നാണ് അധികൃതരുടെ ആവശ്യം. പുതിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആസ്പത്രി അധികൃതര്‍ വിസമ്മതിക്കുന്നു. ഷാജിക്ക് മെഡിക്കല്‍ സഹായമോ ഭക്ഷണമോ കിട്ടുന്നുണ്ടോയെന്ന് അറിയില്ലെന്നും അമ്മയും ഭാര്യയും പറയുന്നു.
ഷാജിയുടെ പേരില്‍ ജില്ലാ സഹകരണ ബാങ്കില്‍ 12 ലക്ഷം രൂപയുടെയും ശോഭകുമാറിന്റെ പേരില്‍ കെ.എസ്.എഫ്.ഇയില്‍ 13 ലക്ഷം രൂപയുടെയും കടമാണ് തിരിച്ചടക്കാനുള്ളത്. ഇതിനാണ് ഇരുവരും ഗള്‍ഫിലേക്ക് പോയത്. ഷാജിയെ തിരിച്ചുകൊണ്ടുവരുന്നതിനും സഊദിയിലെ കേസ് നടത്തുന്നതിനും നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിനും സഹായം തേടിയാണ് കുടുംബം സര്‍ക്കാറിനെ സമീപിച്ചിരിക്കുന്നത്.

chandrika: