X
    Categories: indiaNews

ബാബരി വിധി; മൗനം തുടര്‍ന്ന് മമത; തൃണമൂലിന്റെ പ്രതികരണം ഇങ്ങനെ…

കൊല്‍ക്കത്ത: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ 32 പ്രതികളേയും വെറുതെ വിട്ട ലക്‌നൗ കോടതിവിധിയോട് പ്രതികരിക്കാതെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഒട്ടുമിക്ക രാഷ്ട്രീയപാര്‍ട്ടികളും വിധിയില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയപ്പോള്‍ മമതബാനര്‍ജി ഒന്നും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ വിധിയില്‍ തൃപ്തരല്ലാത്തവര്‍ക്ക് ഉയര്‍ന്ന കോടതികളെ സമീപിക്കാമെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാവിന്റെ പ്രതികരണം.

വിധിയെ പിന്തുണച്ചു കൊണ്ടോ എതിര്‍ത്തു കൊണ്ടോ ഒന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചില്ല. ‘ഇത് ഒരു കോടതി വിധി ആണ്, അതിനാല്‍ ഞങ്ങള്‍ അതിനെ എതിര്‍ക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യില്ല. 28 വര്‍ഷത്തിനുശേഷം വിധി വന്നു, കുറച്ച് ആളുകള്‍ അതില്‍ അതൃപ്തരാണ്. ചില സംഘടനകള്‍ അവരുടെ അതൃപ്തി പ്രകടിപ്പിച്ചതായി ഞങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു,’ -തൃണമൂലിന്റെ മുതിര്‍ന്ന നേതാവ് സൗഗത റോയ് പറഞ്ഞു. വിധിന്യായത്തില്‍ സന്തുഷ്ടരല്ലാത്തവര്‍ക്ക് ഉയര്‍ന്ന കോടതികളില്‍ ആശ്വാസം ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, 2019 നവംബറില്‍ ബാബരി നിന്ന സ്ഥലത്ത് ക്ഷേത്രം പണിയാന്‍ സുപ്രീംകോടതിവിധി വന്നപ്പോഴും മമത ബാനര്‍ജി പ്രതികരിച്ചിരുന്നില്ല. അതേസമയം, വിധിയില്‍ അപ്പീല്‍ പോകണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. വിധി നിര്‍ഭാഗ്യകരമാണെന്നും അപ്പീല്‍ പോകണമെന്നുമാണ് സിപിഎമ്മിന്റേയും നിലപാട്. വിധിക്കെതിരെ നിരവധി പ്രമുഖരും രംഗത്തുവന്നിട്ടുണ്ട്.

chandrika: