X
    Categories: indiaNews

ഇന്ത്യയെ ബാധിച്ച ഏറ്റവും വലിയ മഹാമാരി കോവിഡല്ല; ബിജെപിയാണെന്ന് മമത

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ‘ഏകാധിപത്യ’ ഭരണത്തെ കടന്നാക്രമിച്ച മമത, ദളിതരെ പീഡിപ്പിക്കുന്ന ‘മഹാമാരി’യാണ് ബിജെപിയെന്ന് പറഞ്ഞു. ഹത്രാസ് കൂട്ട ബലാത്സംഗ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ റാലിയിലാണ് ബിജെപിക്കെതിരെ മമതയുടെ വിമര്‍ശനം.

‘കോവിഡ് 19 അല്ല ഏറ്റവു വലിയ മഹാമാരി. ബിജെപിയാണ്. ദളിതര്‍ക്കും പിന്നോക്ക വിഭാഗങ്ങളില്‍പെടുന്നവര്‍ക്കുമെതിരെ അതിക്രമം അഴിച്ചുവിടുന്ന ഏറ്റവും വലിയ മഹാമാരി.. ഇങ്ങനെയുള്ള അതിക്രമങ്ങള്‍ അരങ്ങേറുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഇതിനെതിരെ നമ്മള്‍ അണിനിരക്കണം’ റാലി അഭിസംബോധന ചെയ്ത് സംസാരിക്കവെ മമത പറഞ്ഞു. ‘ബിജെപിക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ ഞങ്ങള്‍ക്ക് ഭയമില്ല. നിങ്ങളുടെ വെടിയുണ്ടകളെയും ഭയമില്ല. രാജ്യത്ത് ഏകാധിപത്യമാണ് നടക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ എന്നത് മാറി ജനങ്ങള്‍ക്കെതിരായ, ദളിതര്‍ക്കെതിരായ കര്‍ഷകര്‍ക്കെതിരായ സര്‍ക്കാരാണുള്ളത്’ മമത വ്യക്തമാക്കി.

തന്റെ ജാതി മനുഷ്യത്വമാണെന്ന് പറഞ്ഞ മമത, ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിവേചനങ്ങളില്‍ വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കി. അവസാനം വരെ താന്‍ ദളിതര്‍ക്കൊപ്പം നില്‍ക്കുമെന്നും മമത പറഞ്ഞു. ബിജെപി മഹാമാരിയാണെന്ന് ആവര്‍ത്തിച്ച ഇവര്‍ അത് നാടിനെ ഇല്ലാതാക്കിയെന്നും വിമര്‍ശിച്ചു. ഹത്രാസ് കേസില്‍ യുപി സര്‍ക്കാരിനെയും മമത വിമര്‍ശിച്ചു. ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സംഭവം കൈകാര്യം ചെയ്ത രീതി തീര്‍ത്തും അപലപനീയമാണെന്ന് മമത കുറ്റപ്പെടുത്തി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: