X
    Categories: Sports

ലിവറിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍

ഓള്‍ഡ് ട്രാഫോഡ്: തട്ടുതകര്‍പ്പന്‍ 96 മിനുട്ട്….ഒന്നിന് പിറകെ ഒന്നായി ആക്രമണ തിരമാലകള്‍. പന്ത് അതിവേഗതയില്‍ കയറിയിറങ്ങിയപ്പോള്‍ ഗ്യാലറിക്ക് പോലും വിശ്രമം ലഭിച്ചില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കണ്ട മികച്ച പോരാട്ടങ്ങളിലൊന്നില്‍ വിജയം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്. 2-1 നവര്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളിലെ മൂന്നാം സ്ഥാനം നിലനിര്‍ത്തി. മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് മാഞ്ചസ്റ്ററിന്റെ രണ്ട് ഗോളും നേടിയത്. എറിക് ബെയ്‌ലിയുടെ സെല്‍ഫ് ഗോള്‍ മാഞ്ചസ്റ്ററിന് ആഘാതമായപ്പോല്‍ ലിവര്‍പൂളിനത് ആശ്വാസമാവുകയും ചെയ്തു. ഇംഗ്ലീഷ് ലോകകപ്പ് സംഘത്തിന്റെ പരിശീലകന്‍ ജെറാത്ത് സൗത്ത് ഗേറ്റിനെ സാക്ഷിയാക്കിയായിരുന്നു റാഷ്‌ഫോര്‍ഡിന്റെ മികവ്. ഒന്നാം പകുതിയില്‍ മാഞ്ചസ്റ്ററിന്റെ കരുത്തിന് മുന്നില്‍ അല്‍പ്പം പ്രതിരോധത്തില്‍ നീങ്ങിയ ലിവര്‍പൂള്‍ പക്ഷേ രണ്ടാം പകുതിയില്‍ കളം നിറഞ്ഞു. നിരവധി അവസരങ്ങള്‍ അവര്‍ക്ക് ലഭിച്ചു. ഭാഗ്യത്തിന് മാത്രമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പലപ്പോഴും രക്ഷപ്പെട്ടത്. അവസാന നിമിഷങ്ങളില്‍ പോലും തകര്‍പ്പന്‍ നീക്കങ്ങളുമായി സജീവമായിരുന്നു ലിവര്‍പൂള്‍ നിര.

ചന്ദ്രിക വെബ് ഡെസ്‌ക്‌: