X

കോടഞ്ചേരിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; ആയുധധാരികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി

താമരശ്ശേരി: കോടഞ്ചേരി പഞ്ചായത്തിലെ ജീരകപ്പാറയില്‍ ശനിയാഴ്ച രാത്രി വീണ്ടും മാവോയിസ്റ്റുകളെത്തിയതോടെ ഭീതിയോടെ വനാതിര്‍ത്തിയിലുള്ള കുടുംബങ്ങള്‍. ശനിയാഴ്ച രാത്രി പത്തരയോടെ മണ്ഡപത്തില്‍ ജോസിന്റെ വീട്ടിലാണ് രണ്ടാമതും ആയുധധാരികളായ മൂന്നംഗ മാവോയിസ്റ്റുകളെത്തിയത്. രാത്രി മുറ്റത്തിറങ്ങിയ ജോസിന്റെ മകന്‍ റോബിനാണ് സംഘത്തിലെ ഒരാളെ കണ്ടത്. ഭയന്നുപോയ റോബിന്‍ ബഹളം വെച്ചതോടെ പിതാവ് ജോസ് വളര്‍ത്തുനായയെ അഴിച്ചുവിട്ടു. നായ വരുന്നത് കണ്ട സംഘത്തിലുള്ള ഒരാള്‍ വീട്ടിലേക്ക് ചാടിക്കയറിയെങ്കിലും നായകടിച്ചു. നായയെ കൂട്ടിലാക്കാനും ഇല്ലെങ്കില്‍ റോബിനെ വെടിവെക്കുമെന്നും പറഞ്ഞ് തോക്കുചൂണ്ടിയതോടെ നായയെ കൂട്ടിലാക്കി അടച്ചു. ബഹളം കേട്ട് അയല്‍വാസികളായ ചക്കുംമൂട്ടില്‍ തങ്കച്ചനും ഭാര്യ ലിസിയും ഓടിയെത്തി.ഇതോടെ സംഘം കാട്ടിലേക്ക് മറഞ്ഞു. മാവോയിസ്റ്റുസംഘം വീണ്ടും വരുമെന്ന ഭയത്തില്‍ രാത്രിയില്‍തന്നെ കുടുംബം ബന്ധുവീട്ടിലേക്ക് താമസം മാറി. കഴിഞ്ഞ 16ന് ഇവരുടെ വീട്ടില്‍ വന്ന അതേ സംഘത്തിലുണ്ടായിരുന്നവര്‍ തന്നെയാണ് ഇത്തവണയും എത്തിയതെന്ന് ജോസും കുടുംബവും പറഞ്ഞു. സംഘത്തിലെ ഇടതു കൈപ്പത്തി നഷ്ടപ്പെട്ട മൊയ്തീനെയാണ് നായ കടിച്ചതെന്ന് ജോസ് പറഞ്ഞു. കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി ജോസില്‍ നിന്നും മൊഴിയെടുത്തു. പ്രദേശത്ത് മാവോയിസ്റ്റുകള്‍ അടിക്കടിയെത്തുന്നത് നാട്ടുകാരില്‍ ഭീതിയുണ്ടാക്കിയിട്ടുണ്ട്.

chandrika: