X

മാപ്പിളപ്പാട്ട് ഗായകൻ വി.എം കുട്ടി നിര്യാതനായി

പുളിക്കൽ: മാപ്പിളപ്പാട്ട് ഗായകൻ വി.എം കുട്ടി അന്തരിച്ചു. 86 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ആറു പതിറ്റാണ്ടിലേറെ മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു. മാപ്പിളപ്പാട്ടിനെ പുതിയ പരീക്ഷണങ്ങൾ കൊണ്ട് ജനകീയമാക്കിയ വി.എം കുട്ടി സിനിമകളിലും പാടിയിട്ടുണ്ട്.

1935ൽ ഉണ്ണീൻ മുസ് ലിയാരുടെയും ഇത്താച്ചുക്കുട്ടിയുടെയും മകനായി കൊണ്ടോട്ടിക്ക് സമീപം പുളിക്കലിലായിരുന്നു ജനനം. മെട്രിക്കുലേഷനും ടി.ടി.സിയും പാസായതിന്‌ ശേഷം 1957ൽ കൊളത്തൂരിലെ എ.എം.എൽ.പി സ്കൂളിൽ അധ്യാപകനായി. 1985ൽ അധ്യപനരംഗത്ത് നിന്ന് വിരമിച്ചു.

1954ൽ കോഴിക്കോട് ആകാശവാണിയിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചു കൊണ്ടാണ്‌ കലാരംഗത്തേക്കുള്ള കടന്നുവരവ്. പിന്നീട് മാപ്പിളപ്പാട്ട് ഗായകനെന്ന നിലയിൽ പ്രസിദ്ധനായി. 1957ൽ ഗ്രൂപ്പ് തുടങ്ങിയ വി.എം. കുട്ടി ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകൾ അവതരിപ്പിച്ചു.

*ഓണപ്പാട്ട്, കുമ്മിപ്പാട്ട്, കുറത്തിപ്പാട്ട് എന്നീ നാടൻ ഗാനശാഖയിൽ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം, സിനിമ, കാസറ്റുകൾ എന്നിവക്ക് വേണ്ടി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മൈലാഞ്ചി, പതിനാലാം രാവ്, ഉൽപത്തി, സമ്മാനം, മാന്യമഹാ ജനങ്ങളേ, സമ്മേളനം,1921, മാർക്ക് ആന്‍റണി അടക്കം എട്ടോളം സിനിമകളിൽ പാടിയ വി.എം. കുട്ടി മൂന്ന് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

എം.എൻ. കാരശ്ശേരിയുമായി ചേർന്ന് ‘മാപ്പിളപ്പാട്ടിന്‍റെ ലോകം’ എന്ന കൃതി രചിച്ചിട്ടുണ്ട്. മാപ്പിളകലാരംഗത്തെ സമഗ്ര സംഭാവനക്ക് കേരള സംഗീത നാടക അക്കാദമി പുര‍സ്കാരം, കേരള ഫോക് ലോർ അക്കാദമി അവാർഡ് (2020), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് പുര‍സ്കാരം നൽകി വി.എം കുട്ടിയെ ആദരിച്ചു.

web desk 3: