X

ഫേസ്ബുക്ക് വിവരചോര്‍ച്ച: കുറ്റസമ്മതം നടത്തി സുക്കര്‍ബര്‍ഗ്

ലണ്ടന്‍: ഫേസ്ബുക്ക് തങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നതിന് നല്‍കിയ ആരോപണത്തില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ കുറ്റസമ്മതം.

വിഷയത്തില്‍ തങ്ങള്‍ക്കു തെറ്റുപറ്റിയെന്ന് സുക്കര്‍ബര്‍ഗ് തുറന്നുസമ്മതിച്ചു. കേംബ്രിഡ്ജ് അനലിറ്റിക്കയുമായി നടന്ന ഇടപാടില്‍ വിശ്വാസ്യതാ പ്രശ്‌നം സംഭവിച്ചുവെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.

50 ദശലക്ഷം പേരുടെ വിവരങ്ങള്‍ കോംബ്രിഡ്ജ് അനലിറ്റിക്ക ഫേസ്ബുക്കിലൂടെ ചോര്‍ത്തിയെന്ന ആരോപണത്തിലാണ് സുക്കര്‍ബര്‍ഗിന്റെ പ്രതികരണം.
ഫേസ്ബുക്ക് ആരംഭിച്ച വ്യക്തിയെന്ന നിലയില്‍ അതുമായി ബന്ധപ്പെട്ട് എന്തു സംഭവിച്ചാലും അത് തന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്ന ആപ്ലിക്കേഷനുകളെ കര്‍ശനമായ പരിശോധനക്കു വിധേയമാക്കും. സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ലബോറട്ടറീസ് ഗ്രൂപ്പും അതിന്റെ കീഴിലുള്ള കേംബ്രിഡ്ജ് അനലിറ്റിക്കയും ചേര്‍ന്നാണ് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഈ വിവരങ്ങള്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്.

റഷ്യന്‍ വംശജനായ അമേരിക്കന്‍ മനശാസ്ത്രജ്ഞന്‍ അലക്‌സാണ്ടര്‍ കോഗനാണ് ആപ്പ് ഫേസ്ബുക്ക് വഴി നല്‍കാന്‍ അനുമതി തേടിയത്. ആപ്പ് വാങ്ങുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ അയാള്‍ മുന്നറിയിപ്പു നല്‍കി നേടിയെടുത്തു. അനലിറ്റിക്ക എന്ന സ്ഥാപനത്തിന് ഒന്നരക്കോടി ഡോളര്‍ നല്‍കിയത് ട്രംപിനെ പിന്തുണക്കുന്ന കോടീശ്വരന്‍ റോബര്‍ട്ട് മെര്‍സറാണ്.

chandrika: