X

രക്തസാക്ഷിയോട് പാര്‍ട്ടി ചെയ്ത ക്രൂരതകള്‍ എണ്ണിപ്പറഞ്ഞ് മകന്‍ ഫേസ്ബുക്കില്‍

പേരാമ്പ്ര: മേപ്പയൂരിലെ രക്തസാക്ഷി ഇടത്തില്‍ ഇബ്രാഹീമിന്റെ കുടുംബത്തോട് സി.പി.എം നേതാക്കള്‍ ചെയ്ത ക്രൂരതകള്‍ എണ്ണിപ്പറഞ്ഞ് മകന്‍ ഷെബിന്റെ ഫേസ്ബുക്ക് പോസ്റ്റ് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നു. സി.പി.എം നിയന്ത്രണത്തിലുള്ള മേപ്പയൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇബ്രാഹിമിന്റെ മക്കള്‍ക്ക് ജോലി തരാമെന്ന് പറഞ്ഞ് വഞ്ചിച്ചതായി പോസ്റ്റില്‍ പറയുന്നു. ബാങ്കില്‍ നിയമനം പലതവണ നടന്നിട്ടും ഇബ്രാഹിമിന്റെ മക്കള്‍ക്ക് മാത്രം നിയമനം ലഭിച്ചില്ല. ഇനി പാര്‍ട്ടിയുടെ ഔദാര്യത്തിന് കെഞ്ചില്ലെന്നും പോസ്റ്റില്‍ തുറന്നടിക്കുന്നു.

സി.പി.എം മന്ത്രിമാര്‍ ഇടപെട്ട് ബന്ധുക്കളെ ജോലിയില്‍ തിരുകികയറ്റുമ്പോഴാണ് പാര്‍ട്ടിക്കു വേണ്ടി ജീവത്യാഗം ചെയ്ത ഇബ്രാഹിമിന്റെ മക്കള്‍ ക്രൂരമാംവിധം അവഗണിക്കപ്പെടുന്നത്. ബാപ്പ കച്ചവടം ചെയ്ത സ്വന്തംപീടിക 1988ല്‍ പാര്‍ട്ടി ഇടപെട്ട് മറ്റൊരാള്‍ക്ക് വാടകക്ക് നല്‍കിയിരുന്നു. ഈ ഘട്ടത്തില്‍ പാര്‍ട്ടി കുടുംബത്തിന് നല്‍കിയ ഉറപ്പുകളെല്ലാം കാറ്റില്‍ പറത്തിയിരിക്കയാണ്.

അണികള്‍ ഗതികേട് കൊണ്ട് നല്‍കിയ സ്ഥാനത്ത് ഞെളിഞ്ഞിരിക്കുമ്പോള്‍ ഇടക്ക് താഴെ തട്ടിലേക്ക് നോക്കുന്നത് നിങ്ങളുടെ നിലനില്‍പ്പിന് നല്ലതാണ്. ബാപ്പയെ സ്‌നേഹിക്കുന്ന ജനങ്ങള്‍ ഇതെല്ലാം അറിയണം. രക്തസാക്ഷിയുടെ കുടുംബത്തോട് സി.പി.എമ്മിന്റെ നിലപാട് കാണുമ്പോള്‍ പാര്‍ട്ടിയോട് പുച്ഛം തോന്നുന്നു.

ഈ പാര്‍ട്ടിക്ക് വേണ്ടിയാണല്ലോ ബാപ്പ ജീവന്‍കൊടുത്തത് എന്ന് ആലോചിക്കുമ്പോള്‍ പുച്ഛത്തിന്റെ അളവ് കൂടുകയാണ്. ഇങ്ങിനെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സി.പി.എം നേതൃത്വത്തെ കടന്നാക്രമിക്കുന്നത്. 1988ല്‍ ആര്‍.എസ്.എസുകാരാണ് ഇബ്രാഹിമിനെ കൊലക്കത്തിക്കിരയാക്കിയത്.

chandrika: