X

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅ്ദനി സുപ്രിം കോടതിയിലേക്ക് ; സെക്രട്ടറിയേറ്റ് ധര്‍ണ

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ സുപ്രിം കോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സുപ്രിം കോടതിയെ നാളെ സമീപിക്കും. അതേസമയം തിങ്കളാഴ്ച സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ നടത്തുമെന്ന് മുസ്്‌ലിം ഏകോപനസമിതി അറിയിച്ചു. വിചാരണ നടക്കുന്ന പ്രത്യേക കോടതിയില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി ഇന്ന് പിന്‍വലിച്ചു. കഴിഞ്ഞ മൂന്നാഴ്ചക്ക് മുമ്പ് പക്ഷാഘാത ലക്ഷണങ്ങള്‍ കൊണ്ടുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മഅ്ദനിയെ ബെംഗളുരുവിലെ ആസ്റ്റര്‍ സി എം ഐ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. എം ആര്‍ ഐ സ്‌കാനിങില്‍ ഹൃദയത്തില്‍ നിന്ന് തലച്ചോറിലേക്ക് പോകുന്ന പ്രധാന ഞരമ്പുകളില്‍ (ഇന്റേണല്‍ കരോട്ടിട് ആര്‍ട്ടറി) രക്തയോട്ടം വളരെ കുറഞ്ഞ രീതിയിലാണെന്നും അതിനാലാണ് ഇടവിട്ട് കൈകള്‍ക്ക് തളര്‍ച്ച, സംസാരശേഷിക്ക് കുറവ്, തുടങ്ങിയ പക്ഷാഘാത ലക്ഷണങ്ങള്‍ ഉണ്ടാകുന്നതെന്നും അത് പരിഹരിക്കാന്‍ ഉടന്‍ സര്‍ജറി വേണമെന്നും നിര്‍ദേശിച്ചിരുന്നു. കേരളത്തിലെ വിവിധ ആശുപത്രികളിലെയും ബെംഗളുരുവിലെ സൗഖ്യ ഹോസ്പിറ്റല്‍, നാരായണ ഹൃദയാലയ തുടങ്ങിയ ആശുപത്രികളിലെയും വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ തേടിയപ്പോള്‍ അവരെല്ലാവരും മഅ്ദനിയെ അടിയന്തര ശാസ്ത്രക്രിയക്ക് വിധേയമാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കിഡ്നിയുടെ പ്രവര്‍ത്തനക്ഷമത വളരെ കുറഞ്ഞ സാഹചര്യത്തില്‍ ശസ്ത്രക്രിയ അതീവ സങ്കീര്‍ണമായിരിക്കും എന്നാണ് വിദഗ്ധ അഭിപ്രായം. ഈ സാഹചര്യത്തിലാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സുപ്രിം കോടതിയെ സമീപിക്കുന്നത്. അഡ്വ.ഹാരിസ് ബീരാന്‍ മുഖേനയാണ് ഹര്‍ജി സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്യുന്നതെന്ന് പി ഡി പി നേതാവ് മുഹമ്മദ് റജീബ് അറിയിച്ചു.

 

 

Chandrika Web: