X

മാവേലി സ്റ്റോറുകളില്‍ അവശ്യസാധനങ്ങളുടെ ക്ഷാമം തുടരുന്നു

മാവേലി സ്റ്റോറുകളില്‍ അവശ്യസാധനങ്ങളുടെ ക്ഷാമം തുടരുന്നു. പതിമൂന്ന് ഇനം സബ്‌സിഡി സാധനങ്ങള്‍ കിട്ടാനില്ല. ഔട്ട്‌ലെറ്റുകളിലെ പ്രതിദിനവരുമാനം മൂന്നിലൊന്നായി കുറഞ്ഞു. എറണാകുളത്തെ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സബ്‌സിഡി സാധനങ്ങള്‍ കിട്ടാനില്ല. ഓണത്തിന് ശേഷം കൊച്ചിയിലെ മിക്ക ഔട്ട്‌ലെറ്റുകളിലും സബ്‌സിഡി സാധനങ്ങള്‍ എത്തിയിട്ടില്ല.

കൊച്ചിയിലെ പ്രധാന ഔട്ട്‌ലെറ്റായ കടവന്ത്ര സപ്ലൈകോ ഔട്ട്‌ലെറ്റില്‍ സബ്‌സിഡി സാധനങ്ങളുടെ റാക്കുകള്‍ കാലിയാണ്. 13 ഇന സബ്‌സിഡി സാധനങ്ങളില്‍ അരി, കടല, ചെറുപയര്‍, വെളിച്ചെണ്ണ എന്നീ 4 സാധനങ്ങള്‍ മാത്രമാണ് സ്റ്റോക്ക് ഉള്ളത്. പഞ്ചസാര തീര്‍ന്നിട്ട് മാസങ്ങളായി. വിലക്കയറ്റം താങ്ങാന്‍ ആകാതെയാണ് സാധാരണക്കാര്‍ സപ്ലൈകോ സ്റ്റോറുകളില്‍ എത്തുന്നത്. ലോഡ് വരുന്നില്ല എന്നാണ് ജീവനക്കാര്‍ പറയുന്നത്.

സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങള്‍ ഉണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ആവര്‍ത്തിക്കുമ്പോഴും എറണാകുളത്തെ ഔട്ട്‌ലെറ്റുകളില്‍ സാധനങ്ങള്‍ കിട്ടാതായിട്ട് മാസങ്ങളായെന്ന് ജനങ്ങള്‍ പറയുന്നു. കോഴിക്കോട്ടെ മാവേലി സ്റ്റോറുകളിലും പരിപ്പ്, കടല, ചെറുപയര്‍, മല്ലി, വെളിച്ചെണ്ണ തുടങ്ങിയ അഞ്ചിനങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. പഞ്ചസാര മുളക് എന്നിവ ലഭിക്കാതായിട്ട് മാസം കഴിഞ്ഞു. ലഭിക്കുന്ന സാധനങ്ങളില്‍ പലതിനും ഗുണനിലവാരം ഇല്ലെന്നും തീവിലയാണെന്നുമുള്ള ആക്ഷേപവും ഉയര്‍ന്നു. എന്നാല്‍ സപ്ലൈകോ നടപടികളൊന്നും ഇതുവരെ കൈ കൊണ്ടിട്ടില്ല.

 

 

webdesk13: