X
    Categories: CultureMoreViews

കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് വഴിതെളിച്ചത് മായാവതിയുടെ കരുനീക്കം

ലഖ്‌നൗ: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് വഴിതെളിച്ചത് ബി.എസ്.പി അധ്യക്ഷ മായാവതിയുടെ തന്ത്രപരമായ കരുനീക്കങ്ങളെന്ന് റിപ്പോര്‍ട്ട്. തൂക്കുസഭ വന്നതോടെ മായാവതിയാണ് സോണിയാ ഗാന്ധിയെ വിളിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജെ.ഡി.എസ് പിന്തുണ തേടാന്‍ നിര്‍ദേശിച്ചത്. കോണ്‍ഗ്രസിന് പിന്തുണ കൊടുക്കണമെന്ന് ദേവഗൗഡയോടും മായാവതി ആവശ്യപ്പെട്ടിരുന്നുവെന്ന് ബി.എസ്.പി നേതാക്കള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയതലത്തില്‍ ബി.ജെ.പി വിരുദ്ധ മുന്നണി രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മായാവതിയുടെ ഇടപെടല്‍. ബി.ജെ.പി അധികാരത്തിലെത്തുന്നത് ഏത് വിധേനയും തടയണമെന്ന് ബി.എസ്.പി എം.പിയായ അശോക് സിദ്ധാര്‍ഥ വഴി മായാവതി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ അറിയിക്കുകയായിരുന്നു. ദേവഗൗഡയെ വിളിച്ച് മായാവതിയും സഖ്യം രൂപീകരിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം രൂപപ്പെട്ടത്.

ജെ.ഡി.എസ്-ബി.എസ്.പി സഖ്യമാണ് ഇത്തവണ കര്‍ണാടകയില്‍ മത്സരിച്ചത്. 20 സീറ്റുകളില്‍ മത്സരിച്ച ബി.എസ്.പി ഒരു സീറ്റില്‍ വിജയിക്കുകയും ചെയ്തിരുന്നു. അടുത്ത വര്‍ഷവും ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ തങ്ങളുടെ നിലനില്‍പ് അപകടത്തിലാണെന്ന തിരിച്ചറിവ് ബി.എസ്.പി അടക്കമുള്ള ചെറു കക്ഷികള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള ഒരു ചുവടുവെപ്പായാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം വിലയിരുത്തപ്പെടുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: