X

മേയർ–ഡ്രൈവർ തർക്കം: കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാനില്ല

തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള വാക്പോരിൽ കൂടുതൽ തെളിവുകൾക്കായി തർക്കമുണ്ടായ ബസിലെ സിസിടിവി ദൃശ്യങ്ങൾ തേടി പൊലീസ്. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിന്‍റെ ഭാഗമായി ഡിവിആര്‍ കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇതിനുള്ളില്‍ മെമ്മറി കാര്‍ഡില്ലെന്ന് വിശദ പരിശോധനയില്‍ കണ്ടെത്തി.

തമ്പാനൂർ ഡിപ്പോയിൽ എത്തിയാണ് പരിശോധന നടത്തുന്നത്. തർക്കം ഉണ്ടായ ബസ്സിലുള്ളത് മൂന്ന് ക്യാമറകളാണ്. എന്നാൽ, ദൃശ്യങ്ങൾ സൂക്ഷിക്കുന്ന മെമ്മറി കാർഡ് കാണാനില്ല. കേസന്വേഷണത്തെ ഇത് പ്രതികൂലമായി ബാധിക്കും. ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചു എന്ന മേയറിൻ്റെ ആരോപണങ്ങളടക്കം തെളിയിക്കപ്പെടണമെങ്കിൽ ഈ ദൃശ്യം പരിശോധിക്കേണ്ടതുണ്ട്. എന്നാൽ, മെമ്മറി കാർഡ് ഇല്ലാത്തതിനാൽ ഇതിൽ പ്രതിസന്ധിയുണ്ടാവും. ഇതേപ്പറ്റി കെഎസ്ആർടിസിയോട് പൊലീസ് വിശദീകരണം തേടും.

മെമ്മറി കാര്‍ഡ് കാണേണ്ടതാണെന്നും കാര്‍ഡ് ആരെങ്കിലും മാറ്റിയതാണോ എന്നും അന്വേഷിക്കുമെന്ന് എസ്എച്ച്ഒ ജയകൃഷ്ണന്‍ പറഞ്ഞു. അതേസമയം മെമ്മറി കാർഡിനെ കുറിച്ച് അറിയില്ലെന്ന് ഡ്രൈവർ യദു പ്രതികരിച്ചു. മെമ്മറി കാർ‌ഡ് പാർട്ടിക്കാർ ആരെങ്കിലും മാറ്റിയതാകാമെന്നാണ് യദു പറയുന്നത്. താൻ ബസോടിക്കുമ്പോൾ സിസിടിവി പ്രവർത്തിച്ചിരുന്നതായും ഡ്രൈവർ യദു പറ‍ഞ്ഞു.

webdesk14: