X

മാധ്യമപ്രവര്‍ത്തകരെ പാഠം പഠിപ്പിക്കാന്‍ സര്‍ക്കാര്‍

 

മാധ്യമപ്രവര്‍ത്തകര്‍ക്ക് കാലാകാലങ്ങളില്‍ കേരള മീഡിയ അക്കാദമി തുടര്‍ വിദ്യാഭ്യാസം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി.എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ വ്യക്തമാക്കിക്കൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാധ്യമങ്ങളുമായും പത്രപ്രവര്‍ത്തകരുമായും മന്ത്രിമാര്‍ ഇടപെടുന്ന കാര്യത്തില്‍ പൊതുവായി പെരുമാറ്റചട്ടം രൂപീകരിക്കേണ്ടതാണെന്ന് കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്.
മാധ്യമങ്ങളുടെ വിശേഷിച്ച് സോഷ്യല്‍ മീഡിയയുടെ, ഗുണദോഷങ്ങളെക്കുറിച്ച് സ്‌കൂള്‍ തലം മുതല്‍ വിദ്യാഭ്യാസം നല്‍കി മാധ്യമ പ്രവര്‍ത്തനം ഉത്തരവാദിത്തമുള്ളതാക്കണം. മാധ്യമ സ്ഥാപനങ്ങള്‍ ധാര്‍മിക മാധ്യമ പ്രവര്‍ത്തനം പിന്തുടരണം. ധാര്‍മിക മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിന് കേരള മീഡിയ അക്കാദമി മുന്നിട്ടിറങ്ങണം.
മാധ്യമ അക്രഡിറ്റേഷന്‍ പുതുക്കുന്നതിനുള്ള മുന്‍ ഉപാധിയായി എല്ലാ മാധ്യമ പ്രവര്‍ത്തകരും വര്‍ഷത്തില്‍ ഒരിക്കല്‍ കേരള മീഡിയ അക്കാദമിയുടെ തുടര്‍ മാധ്യമ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാധ്യമ നിയമത്തെക്കുറിച്ചും ധാര്‍മിക മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ചും റിഫ്രഷര്‍ കോഴ്‌സിന് നിര്‍ബന്ധമായും വിധേയരാകണമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇലക്‌ട്രോണിക് ബ്രോഡ്കാസ്റ്റിംങ് മീഡിയയെ നിയന്ത്രിക്കാന്‍ നിയമമില്ലാത്ത സാഹചര്യത്തില്‍ നിലവിലുള്ള നിയമങ്ങള്‍ പിന്‍വലിച്ച് ബ്രിട്ടനിലെ കമ്മ്യൂണിക്കേഷന്‍ ആക്ട് 2003 മാതൃകയില്‍ നിയമമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യണം.
വിപുലമായ നിയമത്തിന് പകരമായി തല്‍ക്കാലത്തേക്ക് പ്രസ് കൗണ്‍സിലിനെ മീഡിയ കൗണ്‍സിലായി രൂപാന്തരം വരുത്തി പ്രൈവറ്റ് ഇലക്‌ട്രോണിക് മീഡിയയെ നിയന്ത്രിക്കുന്നതിനുള്ള അധികാരം നല്‍കണം. ഇതിനായി 1978ലെ പ്രസ് കൗണ്‍സില്‍ ആക്ട് ഭേദഗതി വരുത്തണമെന്നും കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

chandrika: