X

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് മതമേധാവികളുടെ ശുപാര്‍ശ: വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: ന്യൂനപക്ഷ പദവിയുളള സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ന്യൂനപക്ഷ സീറ്റുകളിലെ പ്രവേശനത്തിന് മതമേധാവികളുടെ ശുപാര്‍ശ വേണമെന്ന് ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. മതമോ മതങ്ങളിലെ ഉപ വിഭാഗമോ തെളിയിക്കുന്നതിന് റവന്യൂ അധികാരിയുടെ സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ മതി. അപാകതകള്‍ ഒഴിവാക്കി പുതിയ ഉത്തരവ് ആരോഗ്യ വകുപ്പ ഉടന്‍ പുറപ്പെടുവിക്കും.

സര്‍ക്കാര്‍ മുന്‍ ഉത്തരവ് പ്രകാരം ക്രിസ്ത്യന്‍ മാനേജ്മെന്റിന് കീഴിലുള്ള മെഡിക്കല്‍ കോളേജുകളിലേക്ക് രൂപതയില്‍ നിന്നോ പുരോഹിതനില്‍ നിന്നോ കത്ത് വേണം. മുസ്ലീം മാനേജ്മെന്റ് കോളേജുകളിലേക്ക് മതസംഘടനകളോ മഹല്ല് കമ്മിറ്റി തലവനോ ആണ് കത്ത് നല്‍കേണ്ടത്. സുന്നി, ജമാ-അത്തെ ഇസ്ലാമി, മുജാഹിദ് എന്നീ തലക്കെട്ടിലാണ് മുസ്ലീം സംവരണം. അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. വിവാദ ഉത്തരവിനെതിരെ പ്രതിഷേധവുമായി നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

chandrika: