X
    Categories: Views

സ്വാശ്രയമെഡിക്കല്‍ പ്രവേശനം: ബില്‍ നിയമസഭയില്‍

 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യമെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം ക്രമപ്പെടുത്തുകയും ഫീസ് നിശ്ചയിക്കുന്നതും വ്യവസ്ഥ ചെയ്യുന്ന 2017ലെ കേരള മെഡിക്കല്‍ വിദ്യാഭ്യാസം(സ്വകാര്യമെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും)ബില്‍ നിയമസഭ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം കാരണം ബില്ലിന്‍മേലുള്ള ചര്‍ച്ച നടന്നില്ല.
മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പട്ടികജാതിയിലും പട്ടികഗോത്രവര്‍ഗത്തിലും മറ്റ് പിന്നാക്ക സമുദായങ്ങളിലും പെട്ട ആളുകള്‍ക്ക് സീറ്റ് സംവരണം ചെയ്യുന്നതും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇത്തരം സ്ഥാപനങ്ങളിലെ കോഴ്‌സുകളിലേക്കുള്ള പ്രവേശനപ്രക്രിയക്ക് മേല്‍നോട്ടം വഹിക്കുന്നതിനും മാര്‍ഗദര്‍ശനം നല്‍കുന്നതിനും ഫീസ് തീരുമാനിക്കുന്നതിനും പ്രവേശനവും ഫീസ് നിയന്ത്രണവും എന്ന സമിതി രൂപീകരിക്കുമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിയായിരിക്കും സമിതിയുടെ അധ്യക്ഷന്‍. ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി മെമ്പര്‍ സെക്രട്ടറിയാണ്. ആരോഗ്യവും കുടുംബക്ഷേമവും, നിയമം, വകുപ്പുകളുടെ സെക്രട്ടറിമാര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, പ്രവേശനപരീക്ഷാകമ്മീണര്‍ എന്നിവര്‍ എക്‌സ് ഓഫീഷ്യോ അംഗങ്ങളാണ്. ഐ.എം.എ പ്രതിനിധി, വിദ്യാഭ്യാസവിദഗ്ധന്‍, പട്ടികജാതിയിലോ വര്‍ഗത്തിലോപെട്ട വിദ്യാഭ്യാസവിദഗ്ധന്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്നീ അംഗങ്ങളെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
എക്‌സ് ഓഫീഷ്യോ അംഗങ്ങള്‍ ഒഴികെയുള്ളവരുടെ കാലാവധി മൂന്നുവര്‍ഷമായിരിക്കും. എന്നാല്‍ സര്‍ക്കാറിന് ആവശ്യമുണ്ടെങ്കില്‍ ഇവരെ വീണ്ടും നിയമിക്കാം. സ്വകാര്യ എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനവുമായി ബന്ധമുള്ളവരെ സമിതിയില്‍ അംഗമാക്കില്ല. ഓരോ കോഴ്‌സിലേയും ഫീസ് ഈ സമിതിയാണ് തീരുമാനിക്കേണ്ടത്. ഭരഘടനാപ്രകാരമുള്ള സംവരണവും ഉറപ്പാക്കണം. ഫീസ് നിശ്ചയിക്കുന്നതിന് ചില മാനദണ്ഡങ്ങളും സമിതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ കോഴ്‌സിന്റെ സ്വഭാവം, സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും മുതല്‍മുടക്ക്, സ്ഥാപനം സ്ഥിതിചെയ്യുന്ന സ്ഥലം, നടത്തിപ്പ് ചെലവ് എന്നിവ കണക്കിലെടുത്തായിരിക്കണം ഫീസ് നിശ്ചയിക്കേണ്ടത്. ഇതിന് മുമ്പായി സ്ഥാപന അധികാരികളുടെ ഭാഗം കൂടി കേള്‍ക്കണം. ഏതെങ്കിലും സ്വകാര്യ മെഡിക്കല്‍ സ്ഥാപനം വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പ്രവേശനം നടത്തുകയോ നിശ്ചയിക്കപ്പെട്ടതില്‍ കൂടുതല്‍ ഫീസ് ചുമത്തിയെന്ന് തെളിഞ്ഞാല്‍ അന്വേഷണം നടത്തണം. ഇതനുസരിച്ച് സ്ഥാപനത്തില്‍ പരിശോധന നടത്താനും നടപടിയെടുക്കാനും അധികാരമുണ്ടായിരിക്കും. സമിതി നിശ്ചയിക്കുന്ന ഫീസ് ഒരാള്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതു വരെ പരിഷ്‌കരിക്കാന്‍ പാടില്ല. ഒരു അധ്യയന വര്‍ഷത്തില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഫീസ് ഈടാക്കാനും പാടില്ല. ഇത്തരത്തില്‍ ഈടാക്കുന്നത് ക്യാപ്പിറ്റേഷന്‍ ഫീസായി കണക്കാക്കി നടപടിയെടുക്കും. സമിതിയുടെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ 10 ലക്ഷം രൂപയും പ്രതിവര്‍ഷം 12 ശതമാനം എന്ന നിരക്കില്‍ ഇതിന്റെ പലിശയും ചേര്‍ത്ത് ഈടാക്കും. കൂടുലായി ഈടാക്കുന്ന ഫീസ് സമിതിയുടെ നിര്‍ദേശപ്രകാരം തിരിച്ചു നല്കണം. ഇത് ചെയ്യാത്ത പക്ഷം വര്‍ഷം 12 ശതമാനം നിരക്കില്‍ പലിശ സഹിതം വിദ്യാര്‍ത്ഥിക്ക് നല്‍കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഏതെങ്കിലും കോഴ്‌സിലേക്ക് പ്രവേശനം നിര്‍ത്തിവെക്കാനോ അനുവദിക്കപ്പെട്ട സീറ്റുകളുടെ എണ്ണം കുറയ്ക്കാനോ സ്ഥാപനത്തോട് ആവശ്യപ്പെടാനോ സ്ഥാപനത്തിന്റെ അംഗീകാരം പിന്‍വലിക്കാന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യാനോ സമിതിക്ക് അധികാരമുണ്ട്.

chandrika: