X

മരുന്നുകള്‍ക്കുള്ള നിരോധനം തല്‍ക്കാലം സംസ്ഥാനത്തില്ല

തിരുവനന്തപുരം: മരുന്നുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം സംസ്ഥാനത്ത് തല്‍ക്കാലം നടപ്പാക്കില്ല. ഇത് സംബന്ധിച്ച് സുപ്രീംകോടതിയിലുള്ള കേസില്‍വിധി വന്നിട്ട് നിരോധനം ഏര്‍പ്പെടുത്തിയാല്‍ മതിയെന്നാണ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗത്തിന്റെ തീരുമാനം. അതേസമയം, നിരോധനത്തെക്കുറിച്ച് മാധ്യമങ്ങളില്‍ കണ്ട അറിവേയുള്ളുവെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.
ചുമ, പനി തുടങ്ങി സാധാരണ അസുഖങ്ങളുടേതുള്‍പ്പടെയുള്ള 444 മരുന്ന് സംയുക്തങ്ങള്‍ നിരോധിക്കാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റ തീരുമാനം. ഇതിനേക്കാള്‍ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ മരുന്നുകള്‍ ലഭ്യമായ സാഹചര്യത്തിലായിരുന്നു ഇത്. എന്നാല്‍ 2016 മാര്‍ച്ചില്‍ 344 മരുന്നുകള്‍ നിരോധിച്ചിറക്കിയ ഉത്തരവിനെതിരെ മരുന്ന് കമ്പനികള്‍ നല്‍കിയ പരാതി സുപ്രീംകോടതി പരിഗണിച്ച് വരികയാണ്. ആ കേസില്‍ വിധിയുണ്ടായശേഷം നിരോധനം നടപ്പിലാക്കിയാല്‍ മതിയെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ സംസ്ഥാന മരുന്ന് പരിശോധനാ വിഭാഗത്തെ അറിയിച്ചു. നിരോധനപട്ടികയിലുള്ള ഭൂരിഭാഗം മരുന്നുകള്‍ക്കും കൂടുതല്‍ ഗുണനിലവാരമുള്ള മറ്റ് മരുന്നുകള്‍ വിപണിയിലുണ്ട്. അതുകൊണ്ട് തന്നെ നിരോധനം നിലവില്‍ വന്നാലും സംസ്ഥാനത്ത് കാര്യമായി ബാധിക്കില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ പറയുന്നു.
നിരോധിക്കപ്പെട്ട മരുന്നുകള്‍ ഇപ്പോഴും സംസ്ഥാനത്തെ മരുന്നു വിപണിയില്‍ സുലഭമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 350ഓളം മരുന്ന് ചേരുവകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും ഈ മരുന്നുകളുടെ പട്ടിക പോലും സംസ്ഥാന ഡ്രഗസ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കയ്യിലില്ല. മരുന്നുകമ്പനികളും ഡ്രഗ്‌സ് കണ്‍ട്രോള്‍ ബോര്‍ഡും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനുപിന്നിലെന്ന് വ്യാപകമായ ആക്ഷേപം ഉയരുന്നുണ്ട്. മാരകമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതോ, അമിതമായ രീതിയില്‍ ഹോര്‍മോണ്‍ ചേര്‍ന്നതോ, ഗുരുതരമായ ശാരീരിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതോ ആയ ചേരുവകള്‍ നിരോധിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കിയിരുന്നത്.
പ്രമേഹം, പനി, ചുമ എന്നിവക്കുള്‍പ്പടെ നിലവില്‍ ഉണ്ടായിരുന്ന ആറായിരത്തോളം ബ്രാന്‍ഡഡ് മരുന്നുകള്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിരോധിച്ചിരുന്നു. പാരസെറ്റമോള്‍, കഫീന്‍, അമോക്‌സിലിന്‍ എന്നിവക്കൊപ്പം വിവിധ സംയുക്തങ്ങള്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നവിധം കൂട്ടിച്ചേര്‍ത്ത മരുന്നുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

chandrika: