X

ബി.ജെ.പിക്ക് താക്കീതുമായി മെഹബൂബ മുഫ്തി

 

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സഖ്യത്തില്‍ നിന്നും പിന്‍മാറിയ ബി. ജെ.പിക്കെതിരെ ആഞ്ഞടിച്ച് പി.ഡി.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. പി.ഡി.പിയെ പിളര്‍ത്താനാണ് ബി.ജെ.പിയുടെ ശ്രമമെങ്കില്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് മെഹബൂബ താക്കീത് ചെയ്തു.
പി.ഡി.പി വിമത എം.എല്‍.എമാരെ ഒപ്പംകൂട്ടി കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബി. ജെ.പിയുടെ നീക്കത്തിനിടെയാണ് മെഹബൂബയുടെ പ്രതികരണം. പി.ഡി.പിയില്‍ ഭിന്നത ഉണ്ടാക്കാനും ഇടപെടല്‍ നടത്താനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെങ്കില്‍ അതിന്റെ അനന്തരഫലം ആപത്കരമാകും. 1987 ലെ പോലെ ജനങ്ങളുടെ വോട്ടവകാശത്തെ ഹനിക്കാനുള്ള നീക്കം ആവര്‍ത്തിക്കരുത്. ബി.ജെ.പിയുടെയും കേന്ദ്രത്തിന്റെയും കരുനീക്കങ്ങള്‍ കൂടുതല്‍ വിഘടനവാദികള്‍ക്ക് ജന്മം നല്‍കാനേ ഉപകരിക്കൂ.
സലാഹുദ്ദീനും യാസിന്‍ മാലികും വിഘടനവാദി നേതാക്കളായി ഉയര്‍ന്നുവന്ന സാഹചര്യം മറക്കരുത്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ കശ്മീരിലെ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കാന്‍ ബി.ജെ.പി ശ്രമിക്കരുതെന്നും മെഹബൂബ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞമാസമാണ് പി.ഡിപിയുമായുള്ള സഖ്യത്തില്‍നിന്ന് ബി.ജെപി തന്ത്രപൂര്‍വം പിന്‍വാങ്ങിയത്. തുടര്‍ന്ന് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയെങ്കിലും സര്‍ക്കാറുണ്ടാക്കാന്‍ ബി.ജെ.പി കിണഞ്ഞ് ശ്രമിക്കുകയാണ്. ആബിദ് അന്‍സാരി അടക്കം പന്ത്രണ്ട് പി.ഡി.പി എം.എല്‍.എമാരെ ചാക്കിലാക്കാനാണ് അവരുടെ ശ്രമം.
മെഹബൂബ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്ന നിര്‍മല്‍ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയതും അഭ്യൂഹങ്ങള്‍ക്കിടയാക്കി.
അതേസമയം മെഹബൂബയെ രൂക്ഷമായി വിമര്‍ശിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല രംഗത്തെത്തി. പി.ഡി.പി-ബി.ജെ.പി ഭരണത്തിനു കീഴിലാണ് വിഘടനവാദികള്‍ വളര്‍ന്നതെന്ന കാര്യം മറക്കരുതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

chandrika: