X
    Categories: Culture

മെര്‍സല്‍ വിവാദം ബി.ജെ.പിയെ തിരിഞ്ഞു കുത്തുന്നു; #MersalVsModi സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുന്നു

നോട്ട് നിരോധനം, ജി.എസ്.ടി, ഗൊരഖ്പൂരിലെ ശിശു മരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തമിഴ് ചിത്രം ‘മെര്‍സലി’നെതിരെ ബി.ജെ.പി തുടങ്ങിവെച്ച പ്രതിഷേധം അവര്‍ക്കു തന്നെ തിരിച്ചടിയാകുന്നു. വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് ബി.ജെ.പി പ്രസിഡണ്ട് തമിഴിസൈ സുന്ദരരാജനാണ് രംഗത്തു വന്നത്. ‘മെര്‍സല്‍ vs മോദി’ #MersalVsModi എന്ന പേരില്‍ ഇത് ട്വിറ്ററില്‍ ട്രെന്‍ഡായതോടെ ചലച്ചിത്ര പ്രേക്ഷകരും ഓണ്‍ലൈന്‍ സമൂഹവും ബി.ജെ.പിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. #MersalVsModi ഇപ്പോള്‍ ഇന്ത്യന്‍ ട്വിറ്ററില്‍ ടോപ് ട്രെന്‍ഡാണ്.

മെര്‍സലില്‍ ചിത്രീകരിച്ചിരിക്കുന്ന കാര്യങ്ങള്‍ നീക്കം ചെയ്യേണ്ടതില്ലെന്നും അവ ബി.ജെ.പി ഭരിക്കുന്ന ഇന്ത്യയിലെ തനി യാഥാര്‍ത്ഥ്യങ്ങളാണെന്നുമാണ് ട്വിറ്ററാറ്റി പറയുന്നത്. വീഡിയോയും ചിത്രങ്ങളുമടക്കം നൂറു കണക്കിന് ട്രോളുകളാണ് ഇവ്വിഷയകമായി ട്വിറ്ററിലും ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലും നിറയുന്നത്. വിവിധ ദേശീയ വാര്‍ത്താ ചാനലുകള്‍ മെര്‍സല്‍ – ബി.ജെ.പി വിഷയമാണ് പ്രൈം ടൈമില്‍ ചര്‍ച്ച ചെയ്തത്. മെര്‍സലിനോട് ജനങ്ങള്‍ യോജിക്കുന്നുണ്ടെങ്കില്‍ അതില്‍പ്പറഞ്ഞ കാര്യങ്ങള്‍ ഇന്ത്യന്‍ ജനത അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണതെന്ന് തമിഴ് സംവിധായകന്‍ രഞ്ജിത് ബാലകൃഷ്ണന്‍ പറഞ്ഞു.

ബി.ജെ.പി മറക്കാനാഗ്രഹിക്കുന്ന നോട്ട് നിരോധനത്തിലെ പരാജയവും ഗൊരഖ്പൂരിലെ ആശുപത്രിയിലെ ശിശുഹത്യയും ജി.എസ്.ടിയിലെ പിഴവുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാന്‍ പുതിയ വിവാദം വഴിയൊരുക്കി. ബി.ജെ.പി ആവശ്യപ്പെടുന്ന പരാമര്‍ശങ്ങള്‍ നീക്കരുതെന്നും അത് ചലച്ചിത്രത്തിന്റെ പൂര്‍ണതയെ ബാധിക്കുമെന്നുമാണ് ആരാധകര്‍ പറയുന്നത്. വിവാദത്തെ തുടര്‍ന്ന് മെര്‍സലിന്റെ പ്രദര്‍ശനങ്ങളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

അതേസമയം, വിവാദം വഴി തിരിച്ചുവിടുന്നതിനായി വിജയിനെതിരെ വ്യക്തിപരമായ ആക്രമണത്തിനും ബി.ജെ.പി മുതിരുന്നുണ്ട്. മോദി ഗവണ്‍മെന്റിനെ മോശമായി ചിത്രീകരിക്കാന്‍ മനഃപൂര്‍വമുള്ള ശ്രമമാണിതെന്നും വിജയ് നികുതി വെട്ടിപ്പുകാരനാണെന്നും ബി.ജെ.പി നേതാവ് എച്ച് രാജ പറഞ്ഞു. സിനിമ ആശയം പ്രകടിപ്പിക്കാനുള്ള മാധ്യമമാണെന്നും അതിന് തടയിടുന്നത് ആത്മഹത്യാപരമാണെന്നും ഡി.എം.കെ നേതാന്‍ ശരവണന്‍ പറഞ്ഞു.

Related:
വിമര്‍ശനം സഹിക്കുന്നില്ല; മെര്‍സലിനെതിരെ ബി.ജെ.പി – അപ്രിയ സീനുകള്‍ നീക്കിയില്ലെങ്കില്‍ പ്രക്ഷോഭം

വിജയിന് കമല്‍ ഹാസന്റെ പിന്തുണ: ‘മെര്‍സല്‍ റീ സെന്‍സര്‍ ചെയ്യേണ്ട; വിമര്‍ശകരെ അടിച്ചമര്‍ത്തരുത്…’

ചന്ദ്രിക വെബ് ഡെസ്‌ക്‌: