X
    Categories: indiaNews

വേണ്ടത് 12 സീറ്റ്; എന്‍ഡിഎയിലെ ചെറുകക്ഷികളെ കൂടെക്കൂട്ടി ഭരണം പിടിക്കാനൊരുങ്ങി ആര്‍ജെഡി

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 125 സീറ്റോടെ എന്‍ഡിഎ ഭൂരിപക്ഷം നേടിയെങ്കിലും പ്രതീക്ഷ കൈവിടാതെ മഹാസഖ്യം. 110 സീറ്റുകള്‍ നേടിയ മഹാസഖ്യം ചെറുപാര്‍ട്ടികളെ കൂടെക്കൂട്ടി ഭരണം പിടിക്കാനുള്ള നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ എന്‍ഡിഎയ്ക്ക് ഒപ്പമുള്ള രണ്ട് പഴയ ഘടകകക്ഷികളെ അടക്കം കുടെക്കൂട്ടാനുള്ള ശ്രമമാണ് മഹാസഖ്യം നടത്തുന്നത്.

കേവല ഭൂരിപക്ഷത്തിന് 12 സീറ്റുകള്‍ കുറവുള്ള സഖ്യം മുകേഷ് സാഹിനിയുടെ വിഐപി, മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ എച്ച്.എ.എം, അസദുദ്ദീന്‍ ഒവൈസി നേതൃത്വം നല്‍കുന്ന എഐഎംഐഎം എന്നിവരുടെ പിന്തുണ നേടാനാണ് ശ്രമം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എഐഎംഐഎം അഞ്ച് സീറ്റുകളിലാണ് വിജയിച്ചത്. മുകേഷ് സാഹിനി പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടി നാല് സീറ്റുകള്‍ നേടിയിരുന്നു. ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎമ്മും നാല് സീറ്റുകളാണ് നേടിയത്. വിഐപിയും എച്ച്എഎമ്മും നേരത്തെ മഹാസഖ്യത്തിന്റെ ഭാഗമായിരുന്നെങ്കിലും പിന്നീട് എന്‍ഡിഎയ്ക്ക് ഒപ്പം ചേരുകയാരുന്നു.

പാര്‍ട്ടികളെ മഹാസഖ്യത്തിന്റെ ഭാഗമാക്കാന്‍ ശ്രമം നടത്തിന്നതില്‍ തെറ്റില്ലെന്ന് ആര്‍ജെഡി വ്യത്തങ്ങള്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വിഐപിയും എച്ച്എഎമ്മും തങ്ങള്‍ക്കൊപ്പം ചേര്‍ന്നാല്‍ അവര്‍ക്ക് എന്‍ഡിഎ വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ മെച്ചപ്പെട്ട സ്ഥാനങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് ആര്‍ജെഡി വ്യത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍ ഇരുപാര്‍ട്ടികളില്‍ നിന്നും ആശാവഹമായ പ്രതികരണം ലഭിച്ചില്ലെന്നും ആര്‍ജെഡി വ്യത്തങ്ങള്‍ സ്ഥിരീകരിച്ചു. മുകേഷ് സാഹിനി ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടാല്‍ ആര്‍ജെഡി അത് നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ജെഡിയുടെ വാഗ്ദാനം സംബന്ധിച്ച് വിഐപി വ്യത്തങ്ങള്‍ സ്ഥിരീകരിച്ചെങ്കിലും മുന്നണി മാറ്റത്തിന് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

എച്ച്.എ.എം നേതൃത്വവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മടങ്ങുന്നതിനേക്കുറിച്ചുള്ള ചോദ്യം ഉദിക്കുന്നില്ലെന്നും ഞങ്ങള്‍ നേരിട്ട അപമാനം ഇതുവരെ മറന്നിട്ടില്ലെന്നും എച്ച്.എ.എം വൃത്തങ്ങള്‍ പ്രതികരിച്ചു. എന്നാല്‍ എന്‍ഡിഎ അധികാരത്തില്‍ വരുന്നത് തടയാന്‍ ആവശ്യമായത് ചെയ്യുമെന്ന് എഐഎംഐഎം പ്രതികരിച്ചു.

 

web desk 3: