X

വാക്ക് പറഞ്ഞവര്‍ മറന്നില്ല; ഇന്ത്യന്‍ നായിക മിതാലി രാജിന്റെ യാത്ര ഇനി ബി.എം.ഡബ്ല്യുവില്‍

ന്യുഡല്‍ഹി: വനിത ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച മിതാലി രാജിന് ആഡംഭര വാഹനമായ ബിഎംഡബ്ല്യു കാര്‍ സമ്മാനിച്ചു. ഹൈദ്രബാദ് ജില്ല ബാഡ്മിന്റണ്‍ അസോസിയേഷന്‍ വൈസപ്രസിഡന്‍ഡായ വി ചാമുണ്ടേശ്വര നാഥാണ് മിതാലി രാജിന് പുതിയ കാര്‍ സമ്മാനിച്ചത്. വനിത ലോകകപ്പിന്റെ ഫൈനലിലേക്ക് ഇന്ത്യയെ നയിച്ച നായികയ്ക്ക് ബിഎംഡബ്ല്യു കാര്‍ സമ്മാനിക്കുമെന്ന് വി ചാമുണ്ടേശ്വര നാഥ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രേശേഖര റാവുവും , ബാഡ്മിന്റണ്‍ പരിശീലകന്‍ പുല്ലേല ഗോപീചന്ദും മിതാലി രാജിനെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. മിതാലിക്ക് 1 കോടി രൂപ പാരിതോഷികവും പുതിയ വീട് വയ്ക്കാന്‍ സ്ഥലവും നല്‍കുമെന്നും തെലങ്കാന മുഖ്യമന്ത്രി ചടങ്ങില്‍ അറിയിച്ചു. ഇന്ത്യയിലെ എല്ലാ വനിതകള്‍ക്കും പ്രചോദനമായ മിതാലി രാജ്യത്തിന്റെ അഭിമാനമാണ് എന്ന് തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.

ഇംഗ്ലണ്ടില്‍ നടന്ന വനിത ലോകകപ്പില്‍ മികച്ച പ്രകടനമാണ് മിതാലിയുടെ നേത്രത്വത്തിലുള്ള ഇന്ത്യന്‍ ടീം കാഴ്ചവെച്ചത്. ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിന് എതിരെ പൊരുതിയാണ് ഇന്ത്യ കീഴടങ്ങിയത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ വനിത ലോകകപ്പിന്റെ കലാശക്കളിക്ക് യോഗ്യത നേടിയത്. ടൂര്‍ണ്ണമെന്റിലെ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തായിട്ടാണ് മിതാലി രാജ് ഫിനിഷ് ചെയ്തത്.

വനിതാ ക്രിക്കറ്റ് ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ മിതാലിക്കും സംഘത്തിനും അഭിനന്ദനങ്ങളുടേയും സമ്മാനങ്ങളുടേയും പ്രവാഹമായിരുന്നു. അതോടൊപ്പം ഐസിസിയുടെ ലോക വനിതാ ടീം ഇലവന്റെ നയികയായി ഇന്ത്യന്‍ നായിക മിതാലി രാജിനെ തിരഞ്ഞടുത്തു. ഇന്ത്യയ്ക്ക് ഇങ്ങനെയൊരു വനിതാ ക്രിക്കറ്റ് ടീം ഉണ്ടെന്ന് ക്രിക്കറ്റ് ലോകത്തേക്ക് കാണിച്ച് കൊടുത്ത മിതാലിക്ക് അര്‍ഹിക്കുന്ന അംഗീകാരം. സച്ചിനും കൊഹ്ലിക്കും ധോണിക്കും വേണ്ടി മാത്രം കയ്യടിച്ചിരുന്ന ക്രിക്കറ്റ് ആരാധകര്‍ക്ക് മുന്നിലേക്കാണ് മിതാലിയും സംഘവും കടന്ന് വന്നത്. ഇത് വരെ ആരും മൈന്റ് ചെയ്യാതിരുന്ന വനിതാ ക്രിക്കറ്റിനെ മിതാലിയും സംഘവും ജനകീയമാക്കുകയായിരുന്നു.

chandrika: