X

സിറിയന്‍ ആഭ്യന്തര യുദ്ധം 10 ലക്ഷം കുട്ടികളെ അനാഥരാക്കി

ന്യൂയോര്‍ക്ക്: സിറിയയില്‍ ആറു വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ 10 ലക്ഷത്തോളം കുട്ടികള്‍ അനാഥരായെന്ന് യു.എന്‍ റിപ്പോര്‍ട്ട്. യുദ്ധത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ എണ്ണമറ്റ ഭീഷണികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അനാഥരായി മാറിയ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയാണ്.

മനുഷ്യക്കടത്തുകാരില്‍നിന്നും സായുധ വിഭാഗങ്ങളില്‍നിന്നും അവര്‍ കടുത്ത ഭീഷണിയാണ് നേരിടുന്നതെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സിറിയക്ക് അകത്തും വിദേശത്തും പ്രാദേശിക സന്നദ്ധ സംഘടനകള്‍ നടത്തുന്ന അനാഥാലയങ്ങളിലാണ് ഭൂരിഭാഗം അനാഥകളും കഴിയുന്നത്. ഹോംസില്‍നിന്നുള്ള മറിയം അല്‍ ശലാന് അഞ്ചു വയസുള്ളപ്പോഴാണ് സിറിയന്‍ ഭരണകൂടത്തിന്റെ സായുധ സേനാംഗങ്ങള്‍ അവളുടെ കുടുംബാംഗങ്ങളെ മുഴുവന്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. ‘അവര്‍ എല്ലാവരെയും നിരത്തിനിര്‍ത്തി വെടിച്ചുകൊണ്ടിരുന്നു. ഞങ്ങളെ രക്ഷിക്കാന്‍ ഉമ്മ മുന്നിലേക്ക് വന്നു.

വെടിയേറ്റു വീണ അവര്‍ ഞങ്ങളോട് വെള്ളം ചോദിച്ചു. വെള്ളവുമായി ഞങ്ങള്‍ എത്തിയപ്പോഴേക്ക് ഉമ്മ മരിച്ചിരുന്നു. ഉറ്റവരുടെ മൃതദേഹങ്ങള്‍ക്കും രക്തത്തിനുമിടയില്‍ എന്തു ചെയ്യണമെന്ന് അറിയാതെ രണ്ടു ദിവസമാണ് ഞാനും സഹോദരനും കഴിച്ചുകൂട്ടിയത്.’- ശലാന്‍ പറഞ്ഞു. വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബില്‍ ഒരു അഭയാര്‍ത്ഥി കേന്ദ്രത്തില്‍ കഴിയുന്ന കുട്ടികള്‍ ഇപ്പോഴും ഭീതിയിലാണ്. അവരുടെ കണ്‍മുന്നിലാണ് മാതാപിതാക്കള്‍ വെടിയേറ്റ് മരിച്ചത്. ഭീകരമായ ആ ഓര്‍മകള്‍ ഇപ്പോഴും അവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

സാമ്പത്തിക പ്രതിസന്ധി അനാഥാലയ നടത്തിപ്പുകാരെ വീര്‍പ്പുമുട്ടിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ആവശ്യമായതെല്ലാം ഒരുക്കിക്കൊടുക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ആഭ്യന്തര യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കെ സിറിയയിലും വിദേശ അഭയാര്‍ത്ഥി ക്യാമ്പുകളിലും കഴിയുന്ന അനാഥര്‍ക്ക് ജീവിതം ഇരുളടഞ്ഞിരിക്കുകയാണ്.

chandrika: