X
    Categories: keralaNews

പോളിങ് സമയത്തിന് മുമ്പ് വോട്ട് രേഖപ്പെടുത്തി മന്ത്രി എസി മൊയ്തീന്‍; നടപടി വേണമെന്ന് അനില്‍ അക്കര-വിവാദം

തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പോളിങ് തുടങ്ങുന്ന ഏഴ് മണിക്ക് മുമ്പ് മന്ത്രി എസി മൊയ്തീന്‍ വോട്ട് രേഖപ്പെടുത്തി. തൃശ്ശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിലാണ് മന്ത്രി വോട്ട് രേഖപ്പെടുത്താനെത്തിയത്. രാവിലെ 6.40 ന് മന്ത്രി ബൂത്തിലെത്തി ക്യൂ നിന്നു. വരിയിലെ ഒന്നാമനും മന്ത്രിയായിരുന്നു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായ ശേഷം പോളിങ് ഉദ്യോഗസ്ഥര്‍ മന്ത്രിയോട് വോട്ട് രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടു. മന്ത്രി ബൂത്തില്‍ കയറി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. പക്ഷെ പോളിങ് തുടങ്ങേണ്ട ഏഴ് മണിക്ക് പിന്നെയും സമയം ബാക്കിയുണ്ടായിരുന്നു.

എന്നാല്‍ ഈ സമയത്ത് ബൂത്തിലുണ്ടായിരുന്ന പോളിങ് ഏജന്റുമാരോ മറ്റാരെങ്കിലുമോ ഇതില്‍ ഏതെങ്കിലും തരത്തില്‍ എതിര്‍പ്പറിയിച്ചില്ല. മന്ത്രി ബൂത്ത് വിട്ട പോയ ശേഷം ഇക്കാര്യം വാര്‍ത്തയായതോടെ വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര മന്ത്രിക്കെതിരെ രംഗത്തെത്തി. ‘മന്ത്രി മൊയ്തീനെതിരെ നടപടി സ്വീകരിക്കണം. പഞ്ചായത്ത് വകുപ്പ് മന്ത്രി തെക്കുംകര കല്ലമ്പാറ ബൂത്തില്‍ വോട്ട് ചെയ്തത് 6.55ന്.’ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായി സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ പോളിങ് പുരോഗമിക്കുകയാണ്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് പോളിങ് നടക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: