X

മന്ത്രിയുടെ ഭര്‍ത്താവ് ദലിത് യുവതിയെ മര്‍ദ്ദിച്ച സംഭവം; പാര്‍ട്ടിയില്‍ വിവാദം

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനായിരുന്ന, മന്ത്രി കെകെ ശൈലജയുടെ ഭര്‍ത്താവ് കെ ഭാസ്‌കരന്‍ മുന്‍ കൗണ്‍സിലറും പാര്‍ട്ടി പ്രവര്‍ത്തകയുമായ ഷീല രാജന്‍ എന്ന ദലിത് യുവതിയെ മര്‍ദ്ദിച്ചതായ വാര്‍ത്ത പാര്‍ട്ടിയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി. പൊലീസില്‍ പരാതി നല്‍കാതെ പാര്‍ട്ടി പ്രശ്‌നം ഒതുക്കിത്തീര്‍ത്തെങ്കിലും പാര്‍ട്ടിയുടെ സൈബര്‍ ഗ്രൂപ്പുകള്‍ പ്രശ്‌നം സജീവമായി ചര്‍ച്ച ചെയ്യുകയാണ്. സംഘ്പരിവാറിന്റെ ദലിത് വേട്ടക്കെതിരെ പോരാടുന്ന പാര്‍ട്ടിയില്‍ നിന്ന് ഇത്തരം നീക്കം ഉണ്ടാവാന്‍ പാടുണ്ടായിരുന്നില്ലെന്ന നിലപാടിലാണ് പ്രവര്‍ത്തകര്‍.
ഈ പ്രശ്‌നത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയിലും അഭിപ്രായ വ്യത്യാസം ഉള്ളതായാണ് അറിയുന്നത്. കടുത്ത വിഎസ് വിരുദ്ധനായ ഭാസ്‌കരനെ പിണറായി പക്ഷം സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ വിഎസ് അനുകൂലികള്‍ നടപടി അനിവാര്യമാണെന്ന നിലപാടിലാണ്. ഷീലാ രാജന്‍ കേന്ദ്ര കമ്മിറ്റിക്ക് അയച്ച പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ ഇവര്‍ നേതൃതലത്തില്‍ തന്നെ സമ്മര്‍ദ്ദം ചെലുത്തുമെന്നാണറിയുന്നത്. മട്ടന്നൂര്‍ സംഭവം സംഘ്പരിവാറിനു മുന്നില്‍ പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ തന്നെ നാണക്കേടുണ്ടാക്കിയതായാണ് ഇവരുടെ വിലയിരുത്തല്‍. അതിനിടെ സംഭവം വാസ്തവ വിരുദ്ധമാണെന്ന് അറിയിച്ചുകൊണ്ട് ഷീലാ രാജന്‍ നിഷേധക്കുറിപ്പ് പുറത്തിറക്കി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുഖം രക്ഷിക്കാന്‍ ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഷീല നിഷേധക്കുറിപ്പ് ഇറക്കിയതെന്നാണ് കരുതപ്പെടുന്നത്. പുറത്തുവന്ന വാര്‍ത്ത അസത്യമാണെന്ന് മാധ്യമങ്ങളോട് പറയുന്നതിന് ഷീലയെ വിളിച്ചുവരുത്തി സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടയിലാണ് നിഷേധക്കുറിപ്പ് വിതരണം ചെയ്തത്.
സി.പി.എം. സ്ഥാനാര്‍ത്ഥിയുടെ പോളിംഗ് ഏജന്റായി പ്രവര്‍ത്തിച്ച താന്‍ ഓപ്പണ്‍ വോട്ട് ചെയ്യുന്നത് പ്രിസൈഡിംഗ് ഓഫീസര്‍ തടസ്സപ്പെടുത്തിയത് ഭാസ്‌കരന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹം ശബ്ദമുയര്‍ത്തി സംസാരിച്ചിരുന്നുവെന്നും ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും അദ്ദേഹം അത്തരത്തില്‍ പെരുമാറിയത് തനിക്ക് മനോവിഷമം ഉണ്ടായെന്നും അതേസമയം കൈയ്യേറ്റം ചെയ്‌തെന്ന രീതിയിലുള്ള വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നുമാണ് ഷീല നല്‍കിയ കുറിപ്പില്‍ പറയുന്നത്. ഇത്തരം വാര്‍ത്ത പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങള്‍ക്കെതിരെ ഷീല വക്കീല്‍ നോട്ടീസ് അയച്ചതായി പിന്നീട് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രശ്‌നത്തില്‍ ആരോപണ വിധേയനായ കെ ഭാസ്‌കരനും വിശദീകരണവുമായി രംഗത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തകയായ ദലിത് യുവതിയെ താന്‍ കയ്യേറ്റം ചെയ്തിട്ടില്ലെന്നും മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിനിടെ ബൂത്തിലുണ്ടായിരുന്ന ഒരു നിസ്സാര പ്രശ്‌നത്തിന്റെ പേരില്‍ ശബ്ദമുയര്‍ത്തി സംസാരിക്കുക മാത്രമാണ് ഉണ്ടായതെന്നും പറഞ്ഞ ഭാസ്‌കരന്‍ ജില്ലാ, സംസ്ഥാന, കേന്ദ്രകമ്മിറ്റികള്‍ക്ക് തനിക്കെതിരെ പരാതി നല്‍കിയെന്നുള്ള വാര്‍ത്ത നിഷേധിച്ചു.

chandrika: