X
    Categories: CultureViews

ഇന്ത്യക്കാരനെ സഹായിച്ചതിന്റെ പേരില്‍ കാണാതായ പാക് മാധ്യമ പ്രവര്‍ത്തകയെ രണ്ടു വര്‍ഷത്തിനു ശേഷം രക്ഷപ്പെടുത്തി

ലാഹോര്‍: രണ്ടു വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മാധ്യമ പ്രവര്‍ത്തക സീനത്ത് ഷാഹ്‌സാദിയെ കണ്ടെത്തിയതായി പാകിസ്താന്‍. 2015 ഓഗസ്റ്റ് 19 മുതല്‍ കാണാതായ 26-കാരിയെ പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ വെച്ചാണ് രക്ഷപ്പെടുത്തിയത്. ഡെയ്‌ലി നയി ഖബര്‍, മെട്രോ ന്യൂസ് ടി.വി ചാനല്‍ എന്നിവയുടെ റിപ്പോര്‍ട്ടറായിരുന്ന സീനത്ത് ഷാഹ്‌സാദി, പാകിസ്താനില്‍ വെച്ച് കാണാതായ ഇന്ത്യന്‍ പൗരന്‍ ഹാമിദ് അന്‍സാരിക്കു വേണ്ടി രംഗത്തിറങ്ങിയത് മാധ്യമ ശ്രദ്ധ നേടിയിരുന്നു.

ഓണ്‍ലൈനില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നതിനു വേണ്ടി അഫ്ഗാനിസ്താനില്‍ നിന്ന് പാകിസ്താനിലേക്ക് കടന്ന മുംബൈ സ്വദേശിയായ ഹാമിദ് അന്‍സാരിയെ 2012 നവംബര്‍ മുതല്‍ കാണാനില്ലായിരുന്നു. മകനെ കണ്ടെത്തുന്നതിനു വേണ്ടി ഹാമിദിന്റെ ഉമ്മ ഫൗസിയ അന്‍സാരി പാകിസ്താനില്‍ നിയമ പോരാട്ടം തുടങ്ങിയിരുന്നു. ഫൗസിയയെ സഹായിക്കുന്നതിനായി രംഗത്തിറങ്ങിയതാണ് സീനത്തിന്റെ തിരോധാനത്തിലേക്ക് നയിച്ചത്.

സുപ്രീം കോടതിയുടെ കീഴിലുള്ള മനുഷ്യാവകാശ സെല്ലില്‍ ഫൗസിയക്കു വേണ്ടി പരാതി നല്‍കിയ സീനത്ത്, 2013-ല്‍ അവരില്‍ നിന്ന് പവര്‍ ഓഫ് അറ്റോര്‍ണി നേടിയെടുത്തു. പെഷവാര്‍ ഹൈക്കോടതിയില്‍ അന്‍സാരിക്കു വേണ്ടി ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്യുകയും ചെയ്തു. ഹാമിദിനു വേണ്ടി നിയമ പോരാട്ടം തുടങ്ങിയതു മുതല്‍ നിരവധി ഭീഷണികള്‍ നേരിടേണ്ടി വന്നിരുന്ന സീനത്ത് അല്‍പകാലം ഒളിവിലായിരുന്നു. പിന്നീടാണ് അജ്ഞാതര്‍ ഇവരെ തട്ടിക്കൊണ്ടു പോയത്.

ഹാമിദ് അന്‍സാരി സൈനികരുടെ തടവിലാണെന്നും ഇയാളെ സൈനിക കോടതി ചാരപ്രവര്‍ത്തന കുറ്റം ചുമത്തി മൂന്നു വര്‍ഷം തടവിനു വിധിച്ചതായും പിന്നീട് വ്യക്തമായി. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും അന്‍സാരി ജയിലില്‍ തുടരുകയാണ്. സീനത്തിന്റെ തിരോധാനത്തിനു പിന്നില്‍ സൈനിക വൃത്തങ്ങളാണെന്ന് ആരോപണമുണ്ടായിരുന്നു.

കാണാതായി ഒരു വര്‍ഷം പിന്നിട്ടിട്ടും സഹോദരി തിരിച്ചുവരാത്തതില്‍ മനംനൊന്ത് സീനത്തിന്റെ സഹോദരന്‍ സദ്ദാം ഹുസൈന്‍ ആത്മഹത്യ ചെയ്തു. ഈ സംഭവം, സീനത്തിനെ കണ്ടെത്താനുള്ള സമ്മര്‍ദം അധികൃതര്‍ക്കു മേല്‍ വര്‍ധിപ്പിച്ചു.

അതിര്‍ത്തി പ്രദേശങ്ങളായ ബലൂചിസ്താനിലെയും ഖൈബര്‍ പഖ്തുന്‍ക്വയിലെയും ഗോത്ര വര്‍ഗക്കാരുടെ സഹായത്തോടെയാണ് സീനത്തിനെ മോചിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സീനത്തിനെ സുരക്ഷിതായി രക്ഷപ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അവര്‍ കുടുംബവുമായി കണ്ടുമുട്ടിയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.  ദേശ വിരുദ്ധരാണ് സീനത്തിന്റെ തട്ടിക്കൊണ്ടു പോയതെന്ന് അന്വേഷണ സംഘം തലവന്‍ ജാവേദ് ഇഖ്ബാല്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: