X

പൊലീസിന് അമിതാധികാരം നല്‍കുന്നതിലൂടെ ഒരു ഡീപ് പൊലീസ് സ്‌റ്റേറ്റിനെയാണ് പിണറായി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്; എം കെ മുനീര്‍

കോഴിക്കോട്: പൊലീസിന് അമിതാധികാരം നല്‍കുന്നതിലൂടെ ഒരു ഡീപ് പൊലീസ് സ്‌റ്റേറ്റിനെയാണ് പിണറായി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്ന് എംകെ മുനീര്‍ എംഎല്‍എ പറഞ്ഞു. ആവിഷ്‌കാര സ്വതന്ത്ര്യത്തിന് നേരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യ സമീപനമാണ് പിണറായി ഗവണ്‍മെന്റും പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് എംകെ മുനീര്‍ എംഎല്‍എ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്

പോലിസിന് പൗരാവകാശങ്ങള്‍ക്ക് മീതെ അമിതാധികാരം നല്‍കുന്നതാണ് ഹൈക്കോടതി ഇടപെടലിന്റെ മറവില്‍ കേരള പോലിസ് ആക്റ്റിലെ 118 (എ) വകുപ്പ് ഭേദഗതി ചെയ്യാനുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം.

ഇത് ഒട്ടും നിസ്സാരമല്ല, അങ്ങേയറ്റം ഗൗരവമുള്ളതാണ്;
ആവിഷ്‌കാര സ്വതന്ത്ര്യത്തിന് നേരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യ സമീപനമാണ് പിണറായി ഗവണ്‍മെന്റും പിന്തുടരുന്നത്.
പോലിസ് ഭരണകൂടത്തിന്റെ മര്‍ദനോപാധിയാണെന്ന് നിരന്തരം നിലവിളിച്ചവരാണ് സൈബര്‍ കുറ്റകൃത്യം തടയാനെന്ന വ്യാജേന വാറണ്ടില്ലാതെ അറസ്റ്റിന് അധികാരം നല്‍കുന്നതിനായി പോലിസ് നിയമം പൊളിച്ചെഴുതുന്നത്.
ജനങ്ങള്‍ക്കു മീതെ കൃത്യമായ ആധിപത്യം പുലര്‍ത്താന്‍ കഴിയുന്ന ഒരു ‘ഡീപ് പോലിസ് സ്‌റ്റേറ്റി’നെയാണ് ഭരിക്കുന്നവര്‍ വിഭാവനം ചെയ്യുന്നതെന്ന് ചുരുക്കം. അതും പോലീസിന്റെ അമിതാധികാര പ്രമത്തത നിലനില്‍ക്കുന്നുവെന്ന് സുപ്രീം കോടതിക്ക് പോലും പറയേണ്ടി വരുന്ന കാലത്ത്;

സ്വാതന്ത്ര്യ മാധ്യമ പ്രവര്‍ത്തനത്തെയും സാധാരണ പൗരന്റെ അഭിപ്രായപ്രകടനങ്ങളേയും ഒരു പോലെ ബാധിക്കുന്നതാണിത്.
അപമാനിക്കലും അപകീര്‍ത്തിപ്പെടുത്തലും എന്തെന്ന് നിര്‍ണയിക്കുന്നത് ഒരു പോലിസ് ഉദ്യോഗസ്ഥനത്രെ.ഇത് നിശ്ചയമായും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുള്ള അനാവശ്യ സ്വാതന്ത്ര്യമായി തീരും.
സര്‍ക്കാര്‍ കാര്യങ്ങള്‍ മാധ്യമങ്ങളെ ഇന്‍ഫോം ചെയ്താല്‍ ക്രിമിനല്‍ കേസ്സെടുക്കുമെന്ന ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലര്‍ ഇതോടൊപ്പം കൂട്ടി വായിക്കുക.പിആര്‍ഡി ഫാക്ട് ചെക്ക് എന്ന പേരില്‍ മീഡിയകള്‍ വസ്തുതകള്‍ പറയുന്നതിനെ ശരിയല്ലെന്ന് പ്രചരിപ്പിക്കുന്ന രീതിയായിരുന്നു ഇത്.

ജനാധിപത്യ വിരുദ്ധവും ഭരണഘടനാ സ്ഥാപനങ്ങളോടുള്ള വെല്ലുവിളിയും നിറഞ്ഞ ഈ ഏകാധിപത്യഅജണ്ടയെ കേരളത്തിലെങ്കിലും അനുവദിക്കില്ലെന്ന് പൗര സ്വതന്ത്ര്യത്തിനായി നില കൊള്ളുന്ന ജനാധിപത്യ സമൂഹം നിലപാട് എടുക്കേണ്ടതുണ്ട്.
അല്ലാത്ത പക്ഷം സര്‍വ്വധിപതികളാല്‍ അഭിപ്രായ സ്വാതന്ത്ര്യം പോലും നിശ്ചയിക്കപ്പെടുന്ന നിശബ്ദ മനുഷ്യരായി നമ്മളൊക്കെയും മാറും!!

web desk 3: