X

കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്റെ വില പുതുക്കി നിശ്ചയിച്ചത് തീര്‍ത്തും വിവേചനപരം: എം.കെ മുനീര്‍

കോഴിക്കോട് : കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്റെ വില സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പുതുക്കി നിശ്ചയിച്ചത് തീര്‍ത്തും വിവേചനപരമാണെന്ന് ഡോ.എം.കെ മുനീര്‍. മേയ് ഒന്നുമുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഈ തീരുമാനം പുനഃപരിശോധിപ്പിക്കാന്‍ കേന്ദ്ര ഗവണ്മെന്റ് ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്റെ വില സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പുതുക്കി നിശ്ചയിച്ചത് തീര്‍ത്തും വിവേചനപരമാണ്.
സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമാണ് പുതുക്കിയ വാക്‌സിന്‍ നിരക്ക്. അതേസമയം കേന്ദ്ര സര്‍ക്കാരിന് കോവിഷീല്‍ഡ് ഡോസിന് 150 രൂപക്ക് തന്നെ ലഭിക്കും.
മേയ് ഒന്നുമുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഈ തീരുമാനം പുനഃപരിശോധിപ്പിക്കാന്‍ കേന്ദ്ര ഗവണ്മെന്റ് ഇടപെടണം.
വാക്‌സിന്‍ വിതരണം സെന്‍ട്രല്‍ ഗവണ്മെന്റ്ഏറ്റെടുക്കണം.എല്ലാ സംസ്ഥാനങ്ങളുടെയും സാമ്പത്തികാവസ്ഥ പരിഗണിച്ചു നീതിപൂര്‍വകമായ വിതരണം സാധ്യമാക്കാന്‍ കേന്ദ്ര ഗവണ്മെന്റ് തയ്യാറാവണം.കഴിഞ്ഞ 70 വര്‍ഷക്കാലമായി രാജ്യം പിന്തുടരുന്ന ഈ രീതി അവലംബിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിന് കഴിയുന്നില്ലെങ്കില്‍ സംസ്ഥാനങ്ങളോടുള്ള കേന്ദ്ര നയത്തിന്റെ അര്‍ത്ഥം എന്താണ് ?
മറിച്ചെങ്കില്‍ എന്ത് പ്രസക്തിയാണ് രാജ്യം ഭരിക്കുന്ന ഗവണ്മെന്റിനുള്ളത് ?
തങ്ങള്‍ക്ക് ലഭിക്കുന്ന നിരക്കിനേക്കാള്‍ കൂടുതല്‍ തുക ജനങ്ങളുടെ മേല്‍ കെട്ടി വെക്കുന്ന സെന്‍ട്രല്‍ ഗവണ്മെന്റ് പൊതുജനങ്ങളുടെ ആരോഗ്യത്തില്‍ പോലും എത്രമേല്‍ അശ്രദ്ധയും കച്ചവട താല്പര്യവുമാണ് വെച്ചു പുലര്‍ത്തുന്നത്.പിഎം കെയര്‍ ഫണ്ട് പോലുള്ളവ ജനങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കേണ്ടത്.സംസ്ഥാനങ്ങള്‍ക്ക് അവര്‍ക്ക് താങ്ങാവുന്ന നിരക്കിലും സൗജന്യമായും വാക്‌സിന്‍ വിതരണം നിര്‍വഹിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര ഗവണ്മെന്റ് കാണിക്കണം.
സ്വകാര്യ കമ്പനികളുടെ വിവേചനപരമായ തീരുമാനങ്ങള്‍ക്ക് പൊതുജനങ്ങളെ ഇരയാക്കുന്ന നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം..

 

web desk 3: