X

സ്റ്റാലിന്റെ കാല്‍തൊട്ട് വണങ്ങരുതെന്ന് അണികളോട് ഡി.എം.കെ

ചെന്നൈ: പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി ചുമതലയേറ്റ എം.കെ സ്റ്റാലിന്റെ കാല്‍തൊട്ട് വണങ്ങരുതെന്ന് അണികളോട് ഡി.എം.കെ നേതൃത്വം. സ്റ്റാലിന്റെ പാദങ്ങള്‍ തൊട്ട് വന്ദിക്കുന്നതിന് പകരം വണക്കം പറഞ്ഞാല്‍ മതിയെന്നാണ് പാര്‍ട്ടിയുടെ നിലപാട്.

കാലുകള്‍ തൊടുന്നതിന്റെ അടിമത്തം ഉപേക്ഷിച്ചുകൊണ്ട് നല്ലൊരു രാഷ്ട്രീയ സംസ്‌ക്കാരം വളര്‍ത്തിയെടുക്കാന്‍ ശ്രദ്ധയും പരിചരണവും നല്‍കാമെമന്ന് ഡിഎംകെ പ്രസ്താവനയില്‍ പറയുന്നു. ഇത്തരത്തിലുള്ള നടപടികള്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അന്തസത്ത ചോര്‍ത്തിക്കളയും എന്നാണ് സ്റ്റാലിന്റെ നിലപാട്. സ്റ്റാലിനും മുതിര്‍ന്ന നേതാക്കള്‍ക്കും ഉപഹാരങ്ങളും ഷോളുകളും നല്‍കുന്നതിന് പകരം തമിഴ്‌നാട്ടിലെ ലൈബ്രറികളിലേക്ക് ഉപകാരപ്രദമാകുന്ന പുസ്തകകങ്ങള്‍ നല്‍കാനും പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ട്. അതുപോലെ പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കി, ഗതാഗത കുരുക്ക് സൃഷ്ടിക്കുന്ന തരത്തില്‍ പാര്‍ട്ടി ഫല്‍ക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്നും നിര്‍ദേശമുണ്ട്.

ഡി.എം.കെയുടെ വര്‍ക്കിങ് പ്രസിഡന്റായി സ്ഥാനമേറ്റ മുതല്‍ പാര്‍ട്ടി അണികള്‍ തന്റെ പാദം തൊട്ട് നമസ്‌കരിക്കരുതെന്ന് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിരുന്നു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിത ഈ പതിവ് തുടര്‍ന്നതിന് എതിരെ വ്യാപക പരിഹാസങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ജയലളിത അടിമത്തം വളര്‍ത്തുന്നുവെന്നായിരുന്നു വിമര്‍ശനം.

chandrika: