X

ബി.ജെ.പിക്ക് തമിഴ്നാട്ടില്‍ ഒറ്റയ്ക്ക് ഒരു സീറ്റ്പോലും നേടാനാവില്ല; എം.കെ സ്റ്റാലിന്‍

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലുമുള്ള ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതേ രീതിയിലുള്ള ഭരണം നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സ്റ്റാലിന്‍ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളും നടപടികളും ഭരണഘടനാ വിരുദ്ധമാണെന്നും പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടില്‍ ഒരിക്കലും ബി.ജെ.പിയ്ക്ക് തനിച്ച് ലോക്സഭയിലൊ, നിയമസഭയിലൊ ഒരു സീറ്റ് പോലും വിജയിക്കാനാവില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനാങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയും ഭരണഘടനയെയും അപമാനിക്കാനാണ് ‘നിയമിക്കപ്പെടുന്ന’ ഗവര്‍ണര്‍മാരില്‍ ചിലര്‍ ശ്രമിക്കുന്നത്. സി.പി.എം ഭരിക്കുന്ന കേരളത്തിലും തൃണമുല്‍ അധികാരത്തിലുള്ള പശ്ചിമ ബംഗാളിലും ബി.ആര്‍.എസ് ഭരിക്കുന്ന തെലങ്കാനയിലും എ.എ.പി അധികാരത്തിലുള്ള ഡല്‍ഹിയിലും ഇതേ അവസ്ഥതന്നെയാണ്. ഗവര്‍ണര്‍മ്മാര്‍ രാഷ്ട്രീയം കളിക്കുന്നത് ജനാധിപത്യത്തിനും രാഷ്ട്രത്തിന്റെ ഫെഡറല്‍ മൂല്യങ്ങള്‍ക്കും തിരിച്ചടിയാകും. ഇത് തിരുത്തപ്പെടേണ്ടതാണ്.

ഞങ്ങളുടെ സംസ്ഥാനത്ത് ബി.ജെ.പി വളരാത്തതുകൊണ്ടു തന്നെ ബി.ജെ.പിയെ ഒരു മുഖ്യപ്രതിപക്ഷമായി കണക്കാക്കിയിട്ടില്ല. അതിന് വേണ്ടിയുള്ള ശ്രമത്തിലാണവര്‍. ഇതിനുവേണ്ടി മാത്രമാണ് ഓരോ കാരണങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ അവര്‍ രംഗത്തുവരുന്നതെന്ന് സ്റ്റാലിന്‍ തുറന്നുപറഞ്ഞു. നിയമസഭയില്‍ അവര്‍ക്ക് സീറ്റ് ലഭിക്കാന്‍ കാരണം സഖ്യകക്ഷിയായ അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (എ.ഐ.എ.ഡി.എം.കെ) സഹായത്താല്‍ മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എ.ഐ.എ.ഡി.എം.കെയെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് തങ്ങളുടെ വരുതിയിലാക്കി ഉപയോഗിച്ച് അതുവഴി വളരാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

 

webdesk14: