X

ആഗോളതലത്തില്‍ ഇന്ത്യന്‍ പ്രതിച്ഛായ മങ്ങുന്നു

കെ. മൊയ്തീന്‍കോയ

ദേശ വ്യാപകമായി ഉയര്‍ന്ന വിവാദവും വിമര്‍ശനവും മോദി സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ത്തിരിക്കുകയാണ്. പ്രമുഖ സാംസ്‌കാരിക നായകരായ 49 പേര്‍ക്കെതിരെ ബിഹാറിലെ മുസാഫര്‍പൂര്‍ പൊലീസ് രാജ്യദ്രോഹകേസ് രജിസ്റ്റര്‍ ചെയ്തത് പിന്‍വലിച്ചുവെങ്കിലും വിവാദം അടുത്തൊന്നു അവസാനിക്കുകയില്ല. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു കാരണമായി സാംസ്‌കാരിക നായകര്‍ ഉന്നയിച്ച പ്രശ്നം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ആള്‍ക്കൂട്ട ആക്രമണം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയതിനാണ് കേസ്. ഇതെങ്ങനെ രാജ്യ ദ്രോഹമാകും? കേട്ടുകേള്‍വിയില്ലാത്ത സംഭവം. മറ്റ് രാജ്യങ്ങളില്‍ വിശേഷിച്ചും ഏകാധിപത്യ വാഴ്ചയുള്ള രാജ്യങ്ങളില്‍ പോലും ഇങ്ങനെയുണ്ടായിട്ടില്ല. അടുര്‍ ഗോപാലകൃഷ്ണന്‍, നടി രേവതി എഴുത്തുകാരന്‍ അമിത് ചൗധരി, ശ്യാം ബെനഗല്‍, അപര്‍ണാ സെന്‍, അനുരാഗ് കശ്യപ്പ, ദശാമ്പി ജോസഫ് നടി കങ്കണ തുടങ്ങിയവരാണ് തുറന്ന കത്തെഴുതിയത്. മുസ്‌ലിംകള്‍, ദലിതര്‍ തുടങ്ങിയവരെ ലക്ഷ്യമാക്കി നടക്കുന്ന ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തുറന്ന കത്തെഴുതിയത് രാജ്യദ്രോഹമാകുന്ന മറിമായം ആര്‍ക്കും അറിയില്ല. വിവാദം കൊഴുത്തപ്പോള്‍ പ്രമുഖരായ 151 പേര്‍ കൂടി കത്തെഴുതി രംഗത്ത് വന്നു. കേരളത്തില്‍ നിന്ന് മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ പതിനായിരക്കണക്കിന് കത്തെഴുതി പ്രധാനമന്ത്രിയെ ശ്വാസം മുട്ടിച്ചു. വൈകി വിവേകം ഉദിച്ചു. കേസ് പിന്‍വലിക്കാന്‍ ബീഹാറിലെ സഖ്യ സര്‍ക്കാര്‍ തീരുമാനിച്ചു.

മോദിയും അമിത് ഷായും നടത്തുന്ന നീക്കം രാജ്യത്തിന് അകത്തും പുറത്തും ഇന്ത്യയുടെ യശ്ശസിന് മങ്ങലേല്‍പിക്കുകയാണ്. അലഹബാദ് സര്‍വകലാശാലയിലെ ദലിത് അധ്യാപകന്‍ പ്രൊഫ. വിക്രം അവധിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. അംബേദ്കര്‍ ജന്മദിനത്തില്‍ പ്രൊഫ. വിക്രം നടത്തിയ പ്രസംഗം എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് ഇഷ്ടമായില്ല. അവരുടെ പ്രക്ഷോഭമാണ് വിക്രമിനെ അവധിയില്‍ പോകാന്‍ നിര്‍ബന്ധിതനാക്കിയത്. ഗുജറാത്തിലെ ഇസ്രത്ത് ജഹാന്‍ കേസില്‍ 15 വര്‍ഷം കേസ് നടത്തി നിരാശയായ ഉമ്മ ഷമീമ കൗസര്‍ കോടതിയിലേക്ക് വരുന്നില്ല എന്നാണ് കത്ത് മുഖേന സി.ബി.ഐയെ അറിയിച്ചിക്കുന്നത്. മകള്‍ ഇസ്രത്ത് ജഹാനും ഭര്‍ത്താവ് ജാവേദ് ശൈഖും 2004-ല്‍ അന്നത്തെ മുഖ്യമന്ത്രി മോദിയെ കൊല്ലാന്‍ ശ്രമിച്ചു എന്നായിരുന്നു വ്യാജ ഏറ്റുമുട്ടല്‍ കേസന് കാരണമായി പറയപ്പെട്ടത്. കുറ്റാരോപിതരായ ഐ.പി.എസുകാരായ മുന്‍ ഡി.ജി.പി പി.പി പാണ്ഡെ, ഡി.ജി.പി വന്‍സാര, എന്‍.കെ ആമിള്‍ എന്നിവരെ കോടതി വെറുതെ വിട്ടു. ഇതേ ന്യായം ചൂണ്ടിക്കാണിച്ച് മറ്റു പ്രതികളും സി.ബി.ഐ കോടതിയില്‍ ഹരജി സമര്‍പ്പിച്ചതോടെ എല്ലാം അവസാനിക്കുമെന്നാണ് ഷമീമ കൗസര്‍ കണക്ക് കൂട്ടുന്നത്. ഗുജറാത്ത് കലാപത്തോടനുബന്ധിച്ച് നടന്ന ബില്‍ക്കീസ് ബാനു കൂട്ടബലാല്‍സംഗ കേസില്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ച നഷ്ടപരിഹാരത്തുക നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ വൈമനസ്യം കാട്ടുകയാണ്.

രാജ്യത്തെ പത്ത് വര്‍ഷ വിദ്വേഷ കുറ്റകൃത്യങ്ങള്‍ വിലയിരുത്തിയതില്‍ 90 ശതമാനവും മോദി ഭരണത്തിലാണ് നടന്നത്. 2016-19 കാലഘട്ടത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 2008 കേസുകള്‍. കഴിഞ്ഞ വര്‍ഷം ഉത്തര്‍ പ്രദേശില്‍ മാത്രം 869 കേസുകള്‍ ഉണ്ടായതായി ആംനസ്റ്റി ഇന്റര്‍നാഷനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി മോദിയുടെ അടുത്ത സുഹൃത്ത് കൂടിയായ ഡോണാള്‍ഡ് ട്രംപിന്റെ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 2018ല്‍ പുറത്ത്‌വിട്ട റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. മത ന്യൂനപക്ഷങ്ങള്‍, ദലിതര്‍ എന്നിവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. മോദി സര്‍ക്കാറിന്റെ പ്രതികരണം മൗനമായിരുന്നു. ലോക പ്രശസ്ത ടെലിവിഷന്‍ ചാനലുകള്‍ ബി.ബി.സിയും സി.എന്‍.എന്നും അല്‍ജസീറയും ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്നങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും സംപ്രേക്ഷണം ചെയ്യുമ്പോള്‍ തകരുന്നത് ഇന്ത്യയുടെ പ്രതിച്ഛായ തന്നെ. ഗോ സംരക്ഷകര്‍ എന്ന അവകാശപ്പെട്ട് സംഘ്പരിവാര്‍ ഗുണ്ടകള്‍ നടത്തുന്ന അഴിഞ്ഞാട്ടത്തിന് പ്രധാനമന്ത്രി നടപടി എടുക്കാത്തതിനെ ന്യൂയോര്‍ക്ക് ടൈംസിന്റെ മുഖപ്രസംഗം വിമര്‍ശിച്ചു. അമേരിക്കയിലെ ഹൂസ്റ്റണില്‍ ഡോണാള്‍ഡ് ട്രംപിന് ഒപ്പം വേദി പങ്കിട്ട ഗ്രൗണ്ടിന് പുറത്ത് ആയിരങ്ങള്‍ മോദി വിരുദ്ധ മുദ്രാവാക്യവുമായി പ്രതിഷേധിക്കുന്നുണ്ടായിരുന്നു.

ഇന്ത്യയിലും പ്രതിഷേധം കനത്തുവരുന്നു. ആള്‍ക്കൂട്ട ആക്രമങ്ങള്‍ക്ക് ഇരയായവരുടേയും നീതി നിഷേധിക്കപ്പെട്ടവരുടേയും ഉറ്റവര്‍ ഒക്ടോബര്‍ 15ന് ന്യൂഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വസതിക്ക് മുന്നില്‍ നടത്തിയ സത്യഗ്രഹം ശ്രദ്ധേയമായി. ഉത്തര്‍പ്രദേശിലെ ബുലങ് ശഹറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ സംഘ്പരിവാര്‍ ഗുണ്ടകള്‍ കൊലപ്പെടുത്തിയ പൊലീസ് ഓഫീസര്‍ സുബോധ് സിങിന്റെ ഭാര്യ രജനി സിങ്, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്ന് കാണാതായ നജീബിന്റെ ഉമ്മ ഫാത്തിമ, പേര് കൊണ്ട് മുസ്ലിം എന്ന് തെറ്റിദ്ധരിച്ച് കൊല്ലപ്പെട്ട സാലിഹിന്റെ അമ്മ സംഗീതസിങ്, ജാര്‍ഖണ്ഡില്‍ കൊല ചെയ്യപ്പെട്ട തബ്രീസ് അന്‍സിയുടെ ഭാര്യ ഷാഹിദ പര്‍വീണ്‍ തുടങ്ങിയവരോടൊപ്പം വന്‍ ജനാവലിയും എത്തിച്ചേര്‍ന്നു. രാജ്യത്തിന്ന് വേണ്ടി ജീവന്‍ ബലിഅര്‍പ്പിച്ച തന്റെ ഭര്‍ത്താവ് സുബോധ് സിങിനല്ലാതെ മറ്റാര്‍ക്കാണ് നീതി ലഭിക്കുക എന്ന ചോദ്യമാണ് രജനി സിങ് അമിത്ഷായോട് ഉയര്‍ത്തിയത്. അമിത്ഷാ മറുപടി പറയൂ എന്ന ബാനറിന് പിന്നില്‍ ഇരകളുടെ ഉറ്റവര്‍ അണിനിരന്ന പ്രതിഷേധ പ്രകടനം ദേശീയ രാഷ്ട്രീയ നേതാക്കളുടെ മനസ്സില്‍ കൊണ്ടിട്ടുണ്ട്. മൗനം വെടിയാന്‍ സമ്മതമായി എന്നുള്ള ജനകീയ മുന്നറിയിപ്പ് കൂടിയാണീ സത്യഗ്രഹം.

സെപ്തംബര്‍ 25ന് ഡല്‍ഹി ജന്ദര്‍മന്ദറില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ സമിതി സംഘടിപ്പിച്ച മാര്‍ച്ച് രാജ്യത്തെ ഭരണ സിരാ കേന്ദ്രങ്ങളില്‍ നടുക്കമുളവാക്കി. ഗുജറാത്ത് കൂട്ടക്കൊലയെകുറിച്ച് അന്വേഷിച്ച കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കിയ ഐ.എ.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ കള്ളക്കേസില്‍ കുടക്കി ഒരു വര്‍ഷമായി ജയില്‍ അടച്ചിരിക്കുകയാണ്. ഭട്ടിന്റെ ഭാര്യ ശ്വേതഭട്ടും ഷഹിദാ പര്‍വീണ്‍, പെഹലൂഖാന്റെ കുടുംബാംഗങ്ങള്‍, മുഹമ്മദ് കാസിമിന്റെ കുടുംബം എന്നിവരൊക്കെ മുസ്‌ലിംലീഗ് മാര്‍ച്ചില്‍ സന്നിഹിതരായി. പെഹ്ലുഖാന്‍ കൊല്ലപ്പെട്ട കേസില്‍ ആറ് പ്രതികളേയും കോടതി വെറുതെവിട്ടു. എന്നാല്‍ രാജസ്ഥാനില്‍ പുതുതായി അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ കേസില്‍ പുനരന്വേഷണം നടത്താന്‍ നടപടി സ്വീകരിച്ചത് സവിശേഷ ശ്രദ്ധ ആകര്‍ഷിച്ചു.

2014ല്‍ മോദി അധികാരത്തില്‍ വന്നശേഷം ആള്‍ക്കൂട്ട കൊലപാതകം വര്‍ധിപ്പിച്ചു. അതിന് മുമ്പ് 2012-ല്‍ ഒരൊറ്റ കേസ് മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്യപെട്ടത്. ഇപ്പോഴാകട്ടെ, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഭൂരിപക്ഷം കേസുകളും. ഇതുമായി ബന്ധപ്പെട്ട വിവരം ശേഖരിക്കാന്‍ എന്‍.സി.ആര്‍.ബി ശ്രമം തുടങ്ങിയിരുന്നുവെങ്കിലും 2017 ജൂലൈ 9ന് അവസാനിപ്പിച്ചു എന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം പാര്‍ലമെന്റില്‍ വിവരം നല്‍കുന്നതിന് സര്‍ക്കാര്‍ തയാറുമില്ല. ദേശീയ ക്രൈം റിക്കാര്‍ഡ് ബ്യൂറോ ഇക്കാര്യത്തില്‍ പ്രത്യേകം വിവരം സൂക്ഷിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രിയായിരുന്ന ഹന്‍സ രാജ് വ്യക്തമാക്കിയത്. പിന്നീട് 2018 മാര്‍ച്ച് മാസത്തില്‍ ചില കണക്കുകള്‍ വ്യക്തമാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. 2014നും 2018 നും ഇടക്ക് 40 കേസുകളില്‍ 45 പേര്‍ കൊല്ലപ്പെട്ടു എന്നാണ് വിവരം. ഏറ്റവും ഒടുവില്‍ പുറത്തുവന്ന ദേശീയ ക്രൈം റിക്കാര്‍ഡ് ബ്യൂറോ പുറത്ത്‌വിട്ട കണക്കില്‍ രാജ്യത്ത് സ്ത്രീകള്‍ക്ക് എതിരായ അതിക്രമം ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശില്‍ തന്നെ. 2017-ല്‍ 56011 കേസുകള്‍. തൊട്ടടുത്ത് മഹാരാഷ്ട്രയാണ് 31099. പക്ഷെ, ആള്‍ക്കൂട്ട ആക്രമണത്തെ കുറിച്ചു ഈ കണക്കുകള്‍ മൗനം പാലിക്കുന്നു. ഇങ്ങനെ വിവരം നല്‍കിയതില്‍ പ്രധാന സംസ്ഥാനങ്ങള്‍ പുറത്താണ്. ബീഹാര്‍, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മണിപ്പൂര്‍, ഒറീസ, ബംഗാള്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ വിവരം നല്‍കിയില്ല. പശുവുമായി ബന്ധപ്പെട്ടായിരുന്നു തുടക്കം. തുടര്‍ന്ന് വിഷയങ്ങള്‍ പലതുമായി. അവസാനം ജയ് ശ്രീറാം വിളിയില്‍ എത്തി. ഝാര്‍ഖണ്ഡില്‍ ഒരു എം.എല്‍.എയെ ഇങ്ങനെ വിളിക്കാന്‍ നിര്‍ബന്ധിക്കുന്നത് സംസ്ഥാന മന്ത്രിയാണ്.

2015 സെപ്തംബര്‍ 28ന് ഉത്തര്‍പ്രദേശിലെ ബിസ്സാര ഗ്രാമത്തില്‍ മുഹമ്മദ് അഖ്ലാഖ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം കോളിളക്കം സൃഷ്ടിച്ചു. മോദി സര്‍ക്കാറിന്റെ വക്താക്കള്‍ ഇതു തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ല. അവര്‍ക്ക് അതിന് താല്‍പര്യവുമില്ല. ആള്‍ക്കൂട്ട ആക്രമണം എന്ന വാക്കിനെ കുറിച്ചാണ് അമിത്ഷാക്ക് പരിഭവം. ഈ വാക്ക് വിദേശ സൃഷ്ടിയാണത്രെ. പ്രവര്‍ത്തിക്കെതിരെ ശബ്ദം ഉയര്‍ത്താത്ത അമിത് ഷാ ബി.ജെ.പി പ്രസിഡന്റില്‍ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പദവിയില്‍ എത്തിയിട്ടില്ല.

ആള്‍ക്കൂട്ട ആക്രമണം രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയാണ്. മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തം ലോകം സ്വീകരിച്ചു കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നാട്ടില്‍ രക്തപ്പുഴ ഒഴുകാന്‍ അനുവദിച്ചുകൂടാ. കറുത്ത വര്‍ഗക്കാര്‍ക്കെതിരെ വിദ്വേഷം വിളമ്പുന്ന ഡോണാള്‍ഡ് ട്രംപിന്റെ നാടല്ല, ഇന്ത്യ. അയല്‍നാടുകളിലേക്ക് തീവ്രവാദികളെ കടത്തിവിടുന്ന പാക്കിസ്താന്റെ നിലപാട് അല്ല, നമ്മുടെ രാജ്യത്തിനുള്ളത്. ദലൈലാമയെ ഓടിച്ചു വിട്ട ചൈനയുടെ സംസ്‌കാരം ഇന്ത്യക്ക് സ്വീകാര്യമല്ല. വംശീയ വിദ്വേഷത്തിന്റെ പേരില്‍ ലക്ഷക്കണക്കിന് റോഹിന്‍ഗ്യകളെ ആട്ടിയോടിക്കുന്നത് ഇന്ത്യയുടെ നയമല്ല. ലക്ഷക്കണക്കിന് ഫലസ്തീന്‍കാരെ ജന്‍മഭൂമിയില്‍ നിന്ന് മര്‍ദ്ദിച്ച് പുറത്താക്കിയ ഇസ്രാഈലിന്റെ ധാര്‍ഷ്ട്യം മഹത്തായ ഇന്ത്യക്ക് മാതൃകയാവരുത്. നാനാത്വത്തില്‍ ഏകത്വം. അതാണ് നമ്മുടെ പൈതൃകം. മോദി സര്‍ക്കാറിന്റെ നിലപാട് രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തിന് ദോഷകരമാണ്. ലോകരാജ്യങ്ങളില്‍ തലയെടുപ്പോടെ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയെ നയിക്കേണ്ടത്, മഹാത്മാഗാന്ധിയുടെ പാതയിലാകണം.

web desk 3: