X

വാളയാര്‍ പീഡനക്കൊലകള്‍ സര്‍ക്കാര്‍ മറുപടി പറയണം

പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്ത് പട്ടിക ജാതിക്കാരും ദരിദ്രരുമായ രണ്ടു കൊച്ചു സഹോദരിമാര്‍ ലൈംഗിക പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികളെ കോടതി വെറുതെവിട്ട നടപടി കേരളത്തിന്റെയും ഇടതുപക്ഷത്തിന്റെയും പ്രബുദ്ധതയുടെ പുറംപൂച്ചിനേറ്റ കനത്തപ്രഹരമാണ്. സ്ത്രീ പീഡകരെ കയ്യാമംവെച്ച് വഴിനടത്തുമെന്ന് പറഞ്ഞ മുന്‍മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ നടന്ന അതീവ ലജ്ജാകരമായ സംഭവത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് ധാര്‍മികവും സാങ്കേതികവും നിയമപരവുമായ ഉത്തരവാദിത്തമുണ്ട്. ഒക്ടോബര്‍ 25നാണ് പാലക്കാട് പോക്‌സോ കോടതി മൂന്നു പ്രതികളെ കേസില്‍ തെളിവില്ലെന്നുകണ്ട് വെറുതെ വിട്ടയച്ചത്. നേരത്തെ മറ്റൊരു പ്രതിയെയും വെറുതെ വിട്ടിരുന്നു. മരിച്ച കുട്ടികളില്‍ ഒരാള്‍ മൊഴി നല്‍കുകയും കുട്ടികളുടെ മാതാവ് കുറ്റക്കാരെ കണ്ടെത്തിക്കൊടുക്കുകയും ചെയ്തിട്ടും ആത്മഹത്യയാക്കി പൊലീസ് കേസന്വേഷണം അട്ടിമറിച്ചതില്‍ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഒഴിഞ്ഞുമാറാനാകില്ല. പ്രത്യേകിച്ചും പ്രതികളില്‍ രണ്ടുപേരും സി.പി.എം പ്രവര്‍ത്തകരാണെന്ന് കുട്ടികളുടെ അമ്മതന്നെ ആരോപിച്ച സ്ഥിതിക്ക്.

2017 ജനുവരി 13നും മാര്‍ച്ച് നാലിനുമായാണ് രണ്ടുപെണ്‍കുട്ടികള്‍ അട്ടപ്പള്ളത്തുള്ള ഷീറ്റുമേഞ്ഞ പൊളിഞ്ഞുവീഴാറായ വീടിനകത്ത് ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചത്. ആദ്യകുട്ടിയുടെ പ്രായം 11ഉം രണ്ടാമത്തെ കുട്ടിയുടേത് എട്ടുമായിരുന്നു. കുട്ടികള്‍ സ്‌കൂളില്‍നിന്ന് വന്നശേഷം വൈകീട്ട് തൂങ്ങിമരിച്ചതായാണ് പൊലീസ് പറയുന്നത്. എന്നാല്‍ കുട്ടികളെ ബന്ധുതന്നെയായ പ്രതികള്‍ ലൈംഗികാതിക്രമം നടത്തിയതായി മാതാവ് പൊലീസിന് മൊഴി നല്‍കിയിരുന്നു. കുട്ടികള്‍ സ്‌കൂളിലും പരാതിപ്പെട്ടിരുന്നു. 11 വയസ്സ് മാത്രമുള്ള കുട്ടി ആത്മഹത്യചെയ്യുന്നത് അവിശ്വസനീയമാണെന്നതുപോകട്ടെ അങ്ങനെ എഫ്.ഐ.ആര്‍ എഴുതിവെക്കാനിടയായതിനെ കടുത്ത സാഹസമായെന്ന് പറയാതെവയ്യ. പീഡനം സഹിക്കവയ്യാതെയാണ ്കുട്ടികള്‍ ഇരുവരും ആത്മഹത്യചെയ്തതെന്നാണ് പൊലീസ് രേഖപ്പെടുത്തിയിരുന്നത്. കുട്ടിയുടെ മാതാവ് കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയും വിചാരണ വേളയില്‍ നല്‍കിയ സാക്ഷിമൊഴിയും പര്യാപ്തമല്ലെന്ന് കണ്ടാണ് കോടതി കേസ് തള്ളിയത്. എന്നാല്‍ പ്രതിഭാഗം അഭിഭാഷകന്‍തന്നെ പറയുന്നതുപോലെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നെങ്കില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുമായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

പ്രതികള്‍ സി.പി.എമ്മുകാരാണെന്നതിന് തെളിവാണ് ആദ്യ മരണ ദിവസം പ്രതികളിലൊരാളെ പിടികൂടിയിട്ടും അറസ്റ്റുചെയ്യാതെ വിട്ടയച്ച പൊലീസ്‌നടപടി. സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലാണ് പൊലീസിന്റെ കൈകള്‍ കെട്ടിയിടാന്‍ കാരണമായത്. യുവ ഐ.പി.എസ്സുകാരിയായ പൂങ്കുഴലിയെ കേസന്വേഷണം ഏല്‍പിച്ചിട്ടുപോലും തെളിവുകള്‍ നശിപ്പിച്ചതുകാരണം വേണ്ടത്ര ജാഗ്രതയോടെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ സംഘത്തിന് കഴിഞ്ഞില്ല എന്നത് വലിയകളികള്‍ ഇതിനുപിന്നില്‍ നടന്നതിന്റെ സൂചനയാണ്. കേസ് വിചാരണപോലും, എന്തിനേറെ വിധി വരുന്ന ദിവസംപോലും തന്നെ പ്രോസിക്യൂഷന്‍ അറിയിച്ചില്ലെന്ന് പറയുന്ന മാതാവിന്റെ രോദനം എന്താണ് വ്യക്തമാക്കുന്നത്? ഇക്കാര്യത്തില്‍ വലിയ ബഹുജനരോഷം ഉയര്‍ന്നതിനെതുടര്‍ന്ന് മൂന്നാം ദിവസം മാത്രമാണ് സി.പി.എം ജില്ലാനേതൃത്വം കൈകഴുകലുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ സ്ത്രീ സുരക്ഷക്ക് മുന്തിയ പ്രാധാന്യം നല്‍കുമെന്നും ബാല പീഡകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ആണയിട്ട ഇടതുപക്ഷവും മുഖ്യമന്ത്രിയുമാണ് കോടതി പ്രതികളെ വെറുതെവിട്ടപ്പോള്‍ നല്ലപിള്ളചമയാന്‍ ശ്രമിക്കുന്നത്. കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി. പ്രതികള്‍ക്കുവേണ്ടി ഹാജരായത് സി.പി.എം ശിപാര്‍ശയോടെ ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷനായി നിയമിക്കപ്പെട്ടയാളാണ്. കള്ളന്‍ കപ്പലില്‍ തന്നെയാണെന്നതിന് വേറെന്ത് തെളിവുവേണം! സി.പി.എം അനുകൂലിയായ ക്രിമിനല്‍ അഭിഭാഷകനെ കഴിഞ്ഞ മാര്‍ച്ചില്‍ ശിശുക്ഷേമസമിതി അധ്യക്ഷനായി സര്‍ക്കാര്‍ നിയമിക്കുമ്പോള്‍പോലും അദ്ദേഹം വാളയാര്‍ കേസില്‍ പ്രതികള്‍ക്കുവേണ്ടി വാദിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്ഥാനമേറ്റെടുത്തശേഷവും കോടതി രേഖകളില്‍ ഇദ്ദേഹമായിരുന്നു പ്രതിഭാഗത്തിന്റെ വക്കാലത്ത് നടത്തിയിരുന്നത്. ഇത് തെളിയിക്കുന്നത് രാജ്യത്തെ അത്യപൂര്‍വമായ ബാലപീഡനക്കൊലക്കേസില്‍പോലും ഇടതുപക്ഷ മെന്നഭിമാനിക്കുന്ന സര്‍ക്കാരിനും സി.പി.എമ്മിനും ലാഘവ ബുദ്ധിയും നിഗൂഢമായ താല്‍പര്യങ്ങളും ഉണ്ടെന്നാണ്.

ജമ്മുകാശ്മീരിലെ കത്വയില്‍ എട്ടു വയസ്സുകാരി ആര്‍.എസ്.എസ് അനുയായിയുടെ അടക്കം ലൈംഗിക പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ടപ്പോള്‍ വാട്‌സ്ആപ്പ് ഹര്‍ത്താല്‍ നടന്ന സംസ്ഥാനമാണ് കേരളം. പാലക്കാട്ടുതന്നെയാണ് ജംഗ്ഷന്‍ റെയില്‍വെസ്റ്റേഷനുസമീപം പീഡനത്തിനിരയായി നാലു വയസ്സുകാരി കഴിഞ്ഞവര്‍ഷം കൊലചെയ്യപ്പെട്ടത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരാനിടയായതുതന്നെ സോളാര്‍ കേസും സ്ത്രീ പീഡനവും ഉന്നയിച്ചുകൊണ്ടായിരുന്നു. എന്നാല്‍ ഇതേസര്‍ക്കാര്‍ ഭരിക്കുമ്പോള്‍ സംഭവിച്ചതും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷിച്ചതുമായ പീഡന-കൊലക്കേസില്‍ ദലിത് കുടുംബാംഗങ്ങളായിട്ടുപോലും സര്‍ക്കാരിനും പൊലീസിനും മതിയായ ആര്‍ജവം പ്രകടിപ്പിക്കാനായില്ലെന്ന് വരുന്നത് ജനങ്ങളുടെ സഹനശേഷിയെ പരിഹസിക്കലാണ്. അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ടക്കൊലക്കിരയായപ്പോഴും കേസ് തേച്ചുമായ്ച്ചുകളയാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ആദിവാസിക്കുഞ്ഞുങ്ങള്‍ പോഷകാഹാരം കിട്ടാതെ മരിച്ചതിനെ ‘രണ്ടെണ്ണംപോയി’ എന്ന സ്വരത്തില്‍ സംസ്ഥാന നിയമമന്ത്രി നിയമസഭയില്‍ പരാമര്‍ശിച്ചത് പാലക്കാട്ടെയെങ്കിലും ജനങ്ങളുടെ കാതില്‍നിന്ന് മാഞ്ഞുപോയിട്ടില്ല. ഇദ്ദേഹം തന്നെയാണ് സഹപ്രവര്‍ത്തകനായ എം.എല്‍.എക്കെതിരായ പീഡനക്കേസില്‍ ഫോണ്‍ വിളിയല്ലാതെ കാര്യമായൊന്നും നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടെഴുതിയതും. പട്ടിക ജാതിക്ഷേമത്തിനും നിയമ സംരക്ഷണത്തിനുമായി രാജ്യത്തെ നിയമ സംവിധാനത്തിനകത്തെ മന്ത്രിയായി ഇദ്ദേഹം പ്രവര്‍ത്തിക്കുന്നുവെന്നത് നാണക്കേടാണ്. വാളയാര്‍ സംഭവത്തിലെ കറ മായണമെങ്കില്‍ സി.പി.എമ്മും സര്‍ക്കാരും പൊലീസും തെറ്റ് ഏറ്റുപറഞ്ഞ് കുട്ടികളുടെ കുടുംബത്തോട് മാപ്പുപറയുകയും അപ്പീല്‍ പോകുകയും സ്വതന്ത്ര ഏജന്‍സിക്ക് കേസ് വിടുകയുമാണ് ഉടന്‍ ചെയ്യേണ്ടത്.

web desk 3: