X
    Categories: MoreViews

ഗുജറാത്തി വികാരമുണര്‍ത്തി മോദിയുടെ രാഷ്ട്രീയക്കളി

 

ഗാന്ധിനഗര്‍: പ്രാദേശിക വികാരം ഇളക്കിവിട്ടും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. ഗുജറാത്തിന്റെ മണ്ണില്‍ വന്ന് നിരന്തരം കള്ളം പറഞ്ഞാല്‍ ആത്മാഭിമാനമുള്ള ഗുജറാത്തി സഹിക്കില്ലെന്ന് പറഞ്ഞ മോദി താന്‍ മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ വലിയ വികസനമുണ്ടായെന്നും അവകാശപ്പെട്ടു.
ഭുജിലെ ലാലന്‍ കോളജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ബി. ജെ.പി റാലിയിലായിരുന്നു പ്രാദേശിക വികാരം പരമാവധി ആളിക്കത്തിച്ചുള്ള പ്രസംഗം. താന്‍ ഗുജറാത്തിന്റെ മകനാണെന്നും ആരെങ്കിലും മകനെ അപമാനിച്ചാല്‍ നിങ്ങള്‍ അവര്‍ക്ക് മാപ്പുനല്‍കുമോയെന്നും മോദി ചോദിച്ചു. ഗുജറാത്ത് എന്റെ ആത്മാവാണ്, ഭാരതം പരമാത്മാവും. കോണ്‍ഗ്രസ് ഒരിക്കലും ഗുജറാത്തിനെ ഇഷ്ടപ്പെട്ടിരുന്നില്ല. അവര്‍ സര്‍ദാര്‍ പട്ടേലിനെ അപമാനിച്ചവരാണ്. ഗുജറാത്തിലെ ജനങ്ങള്‍ അതൊക്കെ ക്ഷമിച്ചു. എന്നാല്‍ ഇനിയും അവരുടെ അഭിമാനത്തിനെതിരെ ആക്രമണം നടത്തിയാല്‍ അവര്‍ സഹിഷ്ണുതയോടെയിരിക്കില്ലെന്നും മോദി പറഞ്ഞു. ഗുജറാത്ത് തിരഞ്ഞെടുപ്പ് വികസനവും കുടുംബ വാഴ്ചയും തമ്മിലുള്ള പോരാട്ടമാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ എന്തൊക്കെ നേട്ടമാണോ തനിക്കുണ്ടായത് അതിനൊക്കെ കാരണം ഗുജറാത്താണ്. ചില ആളുകള്‍ ഇവിടെ നിരാശ പ്രചരിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നു. അവര്‍ അത് നിര്‍ത്തണമെന്നാണ് താന്‍ ആവശ്യപ്പെടുന്നത്.
ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ കാമരാജ്, ആചാര്യ കൃപലാനി, സുഭാഷ് ബാബു, ഗുജറാത്ത് നേതാവായിരുന്ന യു.എന്‍ ധേബാര്‍ എന്നിവരെക്കുറിച്ച് സംസാരിക്കാറില്ല. അവര്‍ എപ്പോഴും ഒരു കുടുംബത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. കോണ്‍ഗ്രസിന് നീതിയോ, നിയതിയോ നേതാവോ ഇല്ലെന്നും മോദി ആരോപിച്ചു.
ചിലരെ വികസനമെന്തെന്ന് ബോധ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും മറ്റ് മാര്‍ഗമൊന്നുമില്ലാതെ അലയുന്നവരാണ് അക്കൂട്ടരെന്നും രാഹുല്‍ ഗാന്ധിയെ അവഹേളിച്ച് മോദി പറഞ്ഞു.

chandrika: