X

നോട്ട് നിരോധനം തെറ്റായിപ്പോയെന്ന് മോദിക്ക് മനസ്സിലാകുമെന്ന് ചിദംബംരം

ചെന്നൈ: അടിയന്തരാവസ്ഥ തെറ്റായിപ്പോയെന്ന് ഇന്ദിരാഗാന്ധി മനസ്സിലാക്കിയത് പോലെ നോട്ട് അസാധുവാക്കാല്‍ തീരുമാനം പിഴച്ചുവെന്ന് മോദി തന്നെ അംഗീകരിക്കുമെന്ന്‌ കോണ്‍ഗ്രസ് നേതാവ് പി ചിദംബംരം. 45 ദിവസം കൊണ്ട് നോട്ട് നിരോധനം 45 കോടി വരുന്ന ജനങ്ങളെ യാചകരാക്കിയെന്നും മിഡില്‍ ക്ലാസ് കുടുംബങ്ങളെ ഏറ്റുമുട്ടലിന്റെ വക്കിലെത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മോദി പറയുന്നത് പോലെ 50 ദിവസം കൊണ്ട് പ്രശ്‌നം തീരില്ലെന്നും ചുരുങ്ങിയത് ആറ് മാസമെങ്കിലുമെടുക്കുമെന്നു എല്ലാവര്‍ക്കും മനസിലായെന്നും ചിദംബംരം വ്യക്തമാക്കി. തെറ്റ് പറ്റിയെന്ന് മോദി അംഗീകരിക്കണം, നോട്ട് നിരോധനം മൂലം കള്ളപ്പണം പിടികൂടാമെന്ന ധാരണ തെറ്റായിരുന്നുവെന്ന് തെളിഞ്ഞു, ഇപ്പോള്‍ പറയുന്നത് പോലെ പണരഹിത ഇടപാട് തന്നെ പെട്ടെന്ന് നടപ്പിലാക്കാനാവില്ല, യു.എസിലും ജര്‍മനിയിലുമൊക്കെ കാലങ്ങള്‍കൊണ്ടാണ് അത് നടപ്പാക്കിയതെന്നും ഇപ്പോഴും പൂര്‍ണമല്ലെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ എട്ടിനാണ് 500,1000 നോട്ടുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.തുടര്‍ന്ന് ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്ക് മുന്നിലും നീണ്ട വരിയാണ്. പുതുതായി പുറത്തിറക്കിയ രണ്ടായിരത്തിന്റെ നോട്ടും ജനങ്ങള്‍ക്ക് ‘ചില്ലറ’ പ്രതിസന്ധിയല്ല വരുത്തിവെക്കുന്നത്.

chandrika: